‘മകളെ ഏറെ ഇഷ്ടം’; പൊലീസിനോട് ആഗ്രഹം വെളിപ്പെടുത്തി ചെന്താമര, ആയുധം വാങ്ങിയ കടയിൽ തെളിവെടുപ്പ്

Advertisement

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് പൂർത്തിയായി. എലവഞ്ചേരി അഗ്രോ എക്യുപ്സ് എന്ന സ്ഥാപനത്തിലെത്തിച്ചാണ് പ്രതി ചെന്താമരയുമായി തെളിവെടുപ്പ് നടത്തിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയത് ഇവിടെ നിന്നാണെന്ന് പ്രതി മൊഴി നൽകിയിരുന്നു.

എന്നാൽ, ചെന്താമരയ്ക്ക് കത്തി വിറ്റിട്ടിട്ടില്ല എന്നായിരുന്നു സ്ഥാപന ഉടമയുടെ പ്രതികരണം. കത്തി വാങ്ങിയതിന് തെളിവുകൾ ഉണ്ടെന്ന് ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ പ്രതികരിച്ചു. ചെന്താമര കാട് വെട്ടാനായി എലവഞ്ചേരിയിലെ മറ്റൊരു കടയിൽ നിന്നും കത്തി വാങ്ങിയിരുന്നു. ഇവിടെയും തെളിവെടുപ്പ് നടത്തി. എലവഞ്ചേരിയിലെ കടയുടമ ചെന്താമരയെ തിരിച്ചറിഞ്ഞു.

മകളെ ഒരുപാട് ഇഷ്ടമാണെന്നും ചെന്താമര പൊലീസിന് മൊഴി നൽകി. തൻറെ വീട് മകൾക്ക് നൽകണമെന്നും ചെന്താമര പറഞ്ഞു. ഏറെ ഇഷ്ടമുള്ള മകൾക്ക് തൻറെ വീട് മകൾക്ക് നൽകാൻ നടപടി വേണമെന്നും ചെന്താമര പൊലീസിനോട് ആവശ്യപ്പെട്ടു. ഇന്നലെയും മറ്റൊരാളെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അയൽവാസിയായ പുഷ്പയാണ് തൻറെ കുടുംബം തകരാൻ പ്രധാന കാരണമെന്നും പുഷ്പ രക്ഷപ്പെട്ടെന്നും ചെന്താമര വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തൻറെ മകൾക്ക് വീട് നൽകാനുള്ള ആഗ്രഹം ഇന്ന് പൊലീസിനോട് ചെന്താമര വെളിപ്പെടുത്തിയത്.

ഇന്നലെ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടന്നതെങ്കിൽ, ഇന്ന് മുപ്പതോളം പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. ഇന്നലെ തെളിവെടുപ്പുമായി നാട്ടുകാർ പൂർണമായും സഹകരിച്ചിരുന്നു. ഇന്നും നാട്ടുകാർ തെളിവെടുപ്പുമായി സഹകരിച്ചു. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് വൈകിട്ട് മൂന്നുവരെയാണ് കസ്റ്റഡിയിൽ വെക്കാനുള്ള സമയപരിധി. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here