തൃശൂർ. മാളയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ചുമതലകളിൽ നിന്ന് മാള എസ്.എച്ച്.ഒ. യെ മാറ്റി.
ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന മാള എസ്.എച്ച്.ഒ. സജിൻ ശശിക്ക് വീഴ്ച സംഭവിച്ചതായി ആരോപണമുയർന്ന സാഹചര്യത്തിലാണ് മാള ഹോളി ഗ്രേസിൽ നടന്ന കലോത്സവത്തിലെ സംഘർഷം സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിനായി ആളൂർ എസ്.എച്ച്.ഒ. കെ.എം. ബിനീഷിനെയാണ് ചുമതലപ്പെടുത്തിയത്.
എസ്.എഫ്.ഐ. പ്രവർത്തകരെ ആക്രമിച്ചതായുള്ള കേസിൽ പ്രതിചേർക്കപ്പെട്ട കെ.എസ്.യു. നേതാക്കളെ പോലീസ് വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തിയെന്ന ആരോപണത്തിലാണ് പ്രത്യേക ഡ്യൂട്ടിക്കെത്തിയ ചേർപ്പ് സി.ഐ. കെ.ഒ. പ്രദീപിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ചേർപ്പ് സി.ഐ. ക്കെതിരെ വകുപ്പുതല നടപടിയുണ്ടായപ്പോൾ ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന മാള എസ്.എച്ച്.ഒ. ക്കെതിരെ നടപടിയില്ലാത്തത് പോലീസ് സേനക്കിടയിൽ അഭിപ്രായഭിന്നതയുണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ സിപിഐഎമ്മിലെ അഭിപ്രായഭിന്നത സമൂഹമാധ്യമങ്ങളിൽ നേതാക്കൾ പ്രകടമാക്കിയിരുന്നു. കെ.എസ്.യു. നേതാക്കളെ രക്ഷപ്പെടുത്തിയ ചേർപ്പ് സി.ഐ.യെ സസ്‌പെൻഡ് ചെയ്ത പോസ്റ്റ് പങ്കുവെച്ചതിന് പ്രതികരണമായാണ് നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ചത്.