തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കില്‍ നിന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. മാതൃകയില്‍ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
ആരോഗ്യ രംഗത്ത് വലിയ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം ആവിഷ്‌ക്കരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉയര്‍ന്ന ജീവിത നിലവാരം, ആയുര്‍ദൈര്‍ഘ്യം എന്നിവ ഉറപ്പ് വരുത്തുന്നതിനും, തടയാവുന്ന രോഗങ്ങള്‍, അപകടങ്ങള്‍, അകാല മരണം എന്നിവയില്‍ നിന്ന് മുക്തമായ ജീവിതം കെട്ടിപ്പെടുക്കുന്നതിനും ജനങ്ങളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയിലെ എല്ലാ ഇടപെടലുകളും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതുമായിരിക്കും. കേരളത്തിലെ മാറിവരുന്ന ജനസംഖ്യാ ശാസ്ത്രപരവും പകര്‍ച്ചാവ്യാധിപരവുമായ അവസ്ഥകളെ അഭിസംബോധന ചെയ്തുകൊണ്ട് മൂല്യാധിഷ്ഠിത ആരോഗ്യ സംരക്ഷണം നല്‍കുന്നതിന് പ്രതിരോധ ശേഷിയുള്ള ആരോഗ്യ സംവിധാനങ്ങള്‍ രൂപപ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.