എംഡിഎംഎ കടത്ത്; കൊല്ലത്ത് രണ്ടിടത്ത് അറസ്റ്റ്, കോൺഗ്രസ് നേതാവിന്റെ കൂട്ടുപ്രതിയും പിടിയിൽ

Advertisement

അഞ്ചൽ: കൊല്ലം അഞ്ചൽ ബൈപ്പാസിൽ നവംബർ മാസത്തിൽ നടത്തിയ എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഏരൂര്‍ അയിലറ സ്വദേശി പ്രദീപ് ചന്ദ്രൻ ആണ് അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. ബെംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽ നിന്ന് കിഴക്കൻ മലയോര മേഖലയിലേക്ക് എംഡിഎംഐ എത്തിക്കുന്നതിൽ പ്രധാനിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നവംബറില്‍ കോണ്‍ഗ്രസ് നേതാവ് ഷിജുവും സുഹൃത്തും ലഹരിമരുന്നുമായി പിടിയിലായ കേസിലെ കൂട്ടുപ്രതിയാണ് പ്രദീപ്.

മറ്റൊരു സംഭവത്തിൽ കൊല്ലത്ത് മാരക രാസ ലഹരിയായ മെത്താഫെറ്റാമൈൻ കടത്തിയ കേസിൽ യുവാവ് പിടിയിൽ. കരുനാഗപ്പള്ളി സ്വദേശി അഫ്സലാണ് 165.11 ഗ്രാം മെത്തുമായി പിടിയിലായത്. സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഇടയിൽ വിൽപന നടത്താൻ ബെംഗളൂരുവിൽ നിന്നാണ് രാസലഹരി എത്തിച്ചതെന്ന് അഫ്സൽ എക്സൈസിനോട് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാമ്പാംപള്ളം ടോൾ പ്ലാസയ്ക്ക് സമീപത്തിവച്ചാണ് എക്സൈസ് സിഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.

സമാനമായ മറ്റൊരു ലഹരിക്കേസിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് വീട്ടില്‍ സനു (26) വാണ് അറസ്റ്റിലായത്. അതിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎ കുന്നംകുളം മേഖലയില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് പൊലീസ് വിശദമാക്കുന്നത്. വധശ്രമം, കവര്‍ച്ച തുടങ്ങിയ സംഭവങ്ങളില്‍ പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.

മാസങ്ങള്‍ക്കു മുന്‍പ് പെരുമ്പിലാവില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ വൈശാഖ്, സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിന്‍ പോള്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനൂപ്, അജില്‍,ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here