ഷെഫീഖിന്റെ മൊട്ടത്തലയ്ക്ക് ഇന്ന് പൊന്നും വിലയാണ്. മുൻനിര ബ്രാൻഡുകളാണ് തങ്ങളുടെ പരസ്യം ചെയ്യുന്നതായി ഷെഫീന്റെ തലയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. തലയിൽ കഷണ്ടി കയറിയതോടെ ഹെയർ ട്രാൻപ്ലാൻഡ് ചെയ്യാമെന്നായിരുന്നു ആലപ്പുഴക്കാരനായ ഷഫീഖ് ഹാഷിം എന്ന ട്രാവൽ വ്ലോഗർ ആദ്യം ചിന്തിച്ചത്. പിന്നീട് നീണ്ട ആലോചനയ്ക്ക് ശേഷം കഷണ്ടി നിലനിർത്താമെന്ന് തീരുമാനിച്ചു. അതിനിടെയാണ് വ്യത്യസ്തമായ ഒരു ഐഡിയ തലയിൽ കയറിയത്.
തന്റെ മൊട്ടത്തല ബ്രാൻഡുകൾക്ക് പരസ്യം ചെയ്യുന്നതിന് വാടയ്ക്ക് നൽകുക എന്നത്. സോഷ്യൽമീഡിയയിൽ ഇതു സംബന്ധിച്ച് ഒരു പോസ്റ്റും പങ്കുവെച്ചു. 12 മണിക്കൂറിനുള്ളിൽ നൂറുകണക്കിന് കമ്പനികളാണ് ഷെഫീഖിനെ സമീപിച്ചത്. അങ്ങനെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ആദ്യത്തെ കരാർ ഏറ്റെടുത്തിരിക്കുകയാണ് ഷഫീഖ്. കൊച്ചി ആസ്ഥാനമായ ലാ ഡെൻസിറ്റേ എന്ന കമ്പനിയുടെ പരസ്യമാണ് ഷഫീഖ് ആദ്യം ഏറ്റെടുത്തിരിക്കുന്നത്.
മൂന്ന് മാസത്തേക്ക് 50,000 രൂപയാണ് കരാർ. ഈ കാലയളവില്‍ യുട്യൂബ് വിഡിയോകളിൽ ഷഫീഖ് പ്രത്യക്ഷപ്പെടുക തലയിൽ ലാ ഡെൻസിറ്റേയുടെ പരസ്യവുമായാണ്. ലോകത്ത് ആദ്യമായാണ് ഒരാൾ തന്റെ തല പരസ്യബോർഡ് ആക്കി മാറ്റുന്നത്. ഭാവിയില്‍ മികച്ച ഓഫറുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷഫീഖ് പ്രതികരിച്ചു. ‘70mm vlogs’ എന്ന ഷഫീഖിന്‍റെ യുട്യൂബ് ചാനലിന് ഏതാണ്ട് ഇരുപത്തിയെണ്ണായിരത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്.