വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിനെതിരെ സമരം കടുപ്പിച്ച് എസ് എഫ് ഐ

Advertisement

തിരുവനന്തപുരം.കേരള സർവകലാശാല ആസ്ഥാനത്ത് വീണ്ടും പന്തൽ കെട്ടി സമരം ആരംഭിച്ച് എസ്.എഫ്.ഐ. സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിനെതിരെ രണ്ടാഴ്ചയായി എസ്എഫ്ഐ സർവകലാശാല ആസ്ഥാനത്ത് സമരം നടത്തിയിരുന്നു. ഇന്നലെ സമരപ്പന്തൽ പൊളിച്ച് നീക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മാർച്ച് നടത്തി.


കേരള സർവകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചാണ്എസ്.എഫ്.ഐ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മേലിനെതിരെ സമരം ആരംഭിച്ചത്. പൊലീസ് ഇന്നലെ സമരപ്പന്തൽ പൊളിച്ചുനീക്കി. പ്രതിഷേധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വി.സിക്കും പൊലീസിനും എതിരെ സർവകലാശാല ആസ്ഥാനത്തേക്ക് ഇന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി മാർച്ച് നടത്തി. വി.സി.യെ കാണാനില്ലെന്ന ബാനർ സർവകലാശാല ആസ്ഥാനത്തിന് മുൻപിൽ പ്രവർത്തകർ സ്ഥാപിച്ചു.


സമരത്തിന് നേരെ പത്തോളം തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം പലതവണ പൊലീസുമായുള്ള വാക്ക് തർക്കത്തിൽ കലാശിച്ചു. അതിനിടെ ചില പ്രവർത്തകർ ആസ്ഥാനത്തിന് അകത്ത് പ്രവേശിച്ച് പ്രതിഷേധിച്ചു. സമരം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.


മാർച്ച് അവസാനിപ്പിച്ച ശേഷം സർവകലാശാല ആസ്ഥാനത്തിന് മുൻപിൽ വീണ്ടും പ്രവർത്തകർ അനിശ്ചിതകാല സമരം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here