കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ കഫെയിലുണ്ടായ സ്റ്റീമർ പൊട്ടിത്തെറിയിൽ ഐ ഡെലി കഫേ ഉടമ ദീപക്കിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ദീപക്കിനെതിരെ അശ്രദ്ധമൂലമുളള മരണമടക്കം വകുപ്പുകൾ ചേർത്ത് പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘവും ജി സി ഡി എ ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും.
ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇഡ്ഡലി സ്റ്റീമർ പ്രവർത്തിപ്പിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുളള കഫേ ജീവനക്കാരനായ അതിഥി തൊഴിലാളിയുടെ നില ഗുരുതരമായി തുടരുകയാണ്. നാലുപേരാണ് പരിക്കേറ്റ് ചികിത്സയിലുളളത്.