ഇടുക്കി. കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ കമ്പംമെട്ട് സി ഐ മർദ്ദിച്ച സംഭവത്തിൽ കട്ടപ്പന എ എസ് പി ജില്ല പോലീസ് മേധാവിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. കമ്പംമെട്ട് സിഐ യെ വെള്ള പൂശി തയ്യാറാക്കി റിപ്പോർട്ടും മാറ്റി പുതിയതായിരിക്കും നൽകുക. റിപ്പോർട്ട് ലഭിച്ചശേഷം നടപടി എടുക്കും എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിലപാട്.
ഓട്ടോ ഡ്രൈവർ ആയ കുമരകംമെട്ട് സ്വദേശി മുരളീധരനെ പുതുവത്സര ദിനത്തിൽ മർദ്ദിച്ചത് കൃത്യനിർവഹണത്തിന്റെ ഭാഗം എന്നായിരുന്നു കട്ടപ്പന എഎസ്പിയുടെ ആദ്യ റിപ്പോർട്ട്. പോലീസ് നടത്തിയത് സ്ഥലത്തുനിന്നുവരെ പിരിച്ചുവിടാൻ മിതമായ ബലപ്രയോഗം മാത്രം. എന്നാൽ യാതൊരു പ്രകോപനവും ഇല്ലാതെ വഴിയരികിൽ നിന്നിരുന്ന മുരളീധരനെ കരണത്തിനടിച്ച് താഴെയിടുന്ന ദൃശ്യങ്ങൾ 24 പുറത്തുവിട്ടതോടെ പോലീസ് പ്രതിസന്ധിയിലായി. ഇതോടെയാണ് അടിയന്തര റിപ്പോർട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടത്.
കമ്പംമെട്ട് സി ഐ ഷമീർഖാനെ വെള്ളപൂശിയുള്ള റിപ്പോർട്ട് ഒഴിവാക്കി പുതിയത് കട്ടപ്പന എ എസ് പി തയ്യാറാക്കി. ഇത് ലഭിച്ച ഉടൻ നടപടി എടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് മർദ്ദനമേറ്റ മുരളി പറഞ്ഞു. ഷമീർഖാന്റെ മർദ്ദനമേറ്റ് നിലത്ത് വീണ മുരളീധരന്റെ ഒരു പല്ല് പോയിരുന്നു. ആശുപത്രി ചികിത്സ ചെലവ് വഹിക്കുമെന്ന് ആദ്യം പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റി. ഇതോടെയാണ് മുരളീധരൻ ഡിജിപിക്ക് പരാതി നൽകുന്നത്. പിന്നാലെ ജില്ലാ പോലീസ് മേധാവി കട്ടപ്പന എ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.