പാതി വില തട്ടിപ്പിൽ നിർണായക വിവരങ്ങൾ; ലാലി വിന്‍സെന്‍റ് അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് മൊഴി

Advertisement

തൊടുപുഴ: സിഎസ്ആര്‍ ഫണ്ടിന്‍റെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതൽ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയര്‍മാൻ ആനന്തകുമാറിന് നൽകിയെന്ന് അനന്തു മൊഴി നൽകി. അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന് 46 ലക്ഷം രൂപ കൈമാറിയതിന്‍റെ തെളിവുകളും കിട്ടിയെന്ന് പൊലീസ് അറിയിച്ചു. മറ്റു പല ആവശ്യങ്ങള്‍ക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളിൽ പിന്‍വലിച്ചതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പലരുടെയും ഓഫീസ് സ്റ്റാഫുകള്‍ വഴിയാണ് പണം കൈമാറിയത്.

അനന്തുവിന്‍റെ വാട്സ്ആപ്പ് ചാറ്റ്, വോയ്സ് മെസേജുകള്‍ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു. പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകള്‍ വഴിയാണ്. ഇതിന്‍റെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഓരോ ദിവസവും തട്ടിപ്പിന്‍റെ വ്യാപ്തി ഏറുന്ന തരത്തില്‍ നിര്‍ണായക വിവരങ്ങളാണ് പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.

അതേസമയം, തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിൻസന്റിന്‍റെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. അനന്തു കൃഷ്ണൻ പ്രതിയായ കേസിൽ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിന്‍സന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേൾക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതിപ്രളയം തുടരുന്ന പകുതി വില തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. അഞ്ച് ദിവസം എറണാകുളം റൂറല്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍ ലഭിച്ച അനന്തുവിനെ ഇന്ന് രാവിലെയാണ് ആലുവ പൊലീസ് ക്ലബില്‍ എത്തിച്തത്. റേഞ്ച് ഡിഐജി സതീഷ് ബിനോയും റൂറല്‍ എസ് പി വൈഭവ് സകസേനയും പൊലീസ് ക്ലബില്‍ രണ്ട് മണിക്കൂറോളം പ്രതിയെ ചോദ്യം ചെയ്തിരുന്നു. ഇതിലാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

അനന്തുവിന്‍റെ ബാങ്ക് രേഖകളില്‍ സിഎസ്ആര്‍ ഫണ്ട് കണ്ടെത്തിയിട്ടില്ലെന്നും ഇതുവരെ 200 പരാതികള്‍ ലഭിച്ചെന്നും റൂറല്‍ എസ്.പി പ്രതികരിച്ചു. അനന്തു തന്നെയാണ് എല്ലാത്തിലും മുഖ്യപ്രതിയെന്നും എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു.450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം. അനന്തുവിന്‍റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചുണ്ട്.

എന്നാല്‍, തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളില്‍ കണ്ടെത്താനായിട്ടില്ല. ബിനാമി അക്കൗണ്ടുകള്‍പ്പെടെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പേരിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും. ഇടുക്കിയിലും പാലായിലും വസ്തുക്കള്‍ വാങ്ങിയതായും വാഹനങ്ങൾ വാങ്ങിയതായും അനന്തു മൊഴി നല്‍കിയിട്ടുണ്ട്. കോടികളുടെ സാമ്പത്തിക തട്ടിപ്പായതിനാലും സംസ്ഥാനത്ത് ഉടനീളം കേസുകളുള്ളതിനാലും പാതി വില തട്ടിപ്പ് പ്രത്യേക അന്വേഷണം സംഘം ഉടന്‍ ഏറ്റെടുക്കാനാണ് സാധ്യത.

Advertisement