തിരുവനന്തപുരം. കേരള സർവകലാശാലാ സിൻഡിക്കേറ്റിലെ സർക്കാർ നോമിനിയായ ഡി വൈ എഫ് ഐ നേതാവിൻ്റെ നേതൃത്വത്തിൽ കരാർ അധ്യാപകരെ നിയമിക്കാൻ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി റദ്ദാക്കിക്കൊണ്ടുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ് എന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ പറഞ്ഞു.
പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് മാർക്ക് നൽകിയും ഡിഗ്രി ജയിക്കാത്തവർക്ക് പോസ്റ്റ് ഗ്രാജ്വേഷന് പ്രവേശനം നൽകിയും ഭരണകക്ഷി നേതാക്കന്മാരുടെ ഭാര്യമാർക്ക് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഏറെക്കുറെ തകർത്ത അവസ്ഥയിലാണ്. അതിനിടെയാണ് ഡി വൈ എഫ് ഐ നേതാവിൻ്റെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് കരാർ അധ്യാപകരെ നിയമിക്കാനുള്ള നീക്കം നടന്നത്. അധ്യാപക നിയമനത്തിന് കൃത്യമായ യു ജി സി മാർഗനിർദേശങ്ങൾ നിലവിരിക്കെയാണിത്. സർവകലാശാലാ സിൻഡിക്കേറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ചട്ടവിരുദ്ധമായി കരാർ അധ്യാപകരെ നിയമിക്കാനുള്ള സി പി എം ധാർഷ്ഠ്യത്തിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി യെന്നും ഗോപകുമാര്‍ പറഞ്ഞു.