ആലപ്പുഴ: സ്വര്‍ണക്കടയില്‍ മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി. മുഹമ്മ ജങ്ഷന് സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കല്‍ പണിക്കാപറമ്പില്‍ രാധാകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.
മോഷണക്കേസില്‍ കടുത്തുരുത്തി പൊലീസ് പിടികൂടിയ കോലാനി സെല്‍വകുമാര്‍ (50) മോഷ്ടിച്ച ഇരുപതര പവന്‍ രാജി ജ്വല്ലറിയില്‍ വിറ്റതായി മൊഴി നല്‍കിയിരുന്നു. ഇതില്‍ തെളിവെടുപ്പിനായാണ് പൊലീസ് പ്രതിയുമായി മുഹമ്മയില്‍ എത്തിയത്. തെളിവെടുപ്പിന് എത്തിയപ്പോള്‍ കട അടഞ്ഞുകിടക്കുകയായിരുന്നതിനാല്‍ രാധാകൃഷ്ണനെയും മകനെയും പൊലീസ് വിളിച്ചു വരുത്തി തുറപ്പിച്ചു.
തുടര്‍ന്ന് തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ രാധാകൃഷ്ണന്‍ കടയില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീടിന്റെ വാതില്‍ തകര്‍ത്തു സെല്‍വകുമാര്‍ കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇയാള്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ 34 മോഷണക്കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.