തിരുവനന്തപുരം: ദൈവ വിശ്വാസം ജീവിത വിജയത്തിൻ്റെ അടിത്തറ ആണെന്നും
ദൈവത്തിന് മഹത്വമർപ്പിച്ചു കൊണ്ടും മനുഷ്യ സമൂഹത്തിൻ്റെ സമാധാനത്തിനായും ശ്രമിക്കുക മാനവ സമൂഹത്തിൻ്റെ ദൗത്യമാണെന്നും പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ് പറഞ്ഞു.
മലയാള ക്രൈസ്തവ സമൂഹത്തിൻറെ ആഗോളതലത്തിലുള്ള കൂട്ടായ്മയായ വേൾഡ് കൗൺസിൽ ഓഫ് മലയാളി ക്രിസ്ത്യൻസിന്റെ (ഡബ്ല്യു സി എം സി) ഏഷ്യൻ റീജിയണൽ കോൺഫറൻസ് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. വിശ്വാസം ഏറ്റവും കൂടുതൽ താലോലിക്കപ്പെടുന്ന സ്ഥലമാണ് മലയാളി മനസ്സ് എന്നും,
ക്രൈസ്തവ സമൂഹം ലോകത്തിനും ഭാരതത്തിനും കേരളത്തിനും നല്കിയ സേവനം വിവരണാതീതമാണെന്നും വിദ്യാഭാസത്തിൻ്റെയും ആതുരശുശ്രുഷയുടെയും മന്ന പൊഴിക്കുന്നവരാണ് ക്രസ്ത്യാനികൾ എന്നും
വിവിധ മതങ്ങളിൽ ഉള്ളവർ സഹകരിച്ച് വസിക്കുക ഭാരതത്തിൻ്റെ പ്രത്യേകതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരള
ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സിസ തോമസ് അധ്യക്ഷത വഹിച്ചു. ഡോ. സസ്മിത് പത്ര എം.പി.(ഒഡീഷ), ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, മലങ്കര സിറിയൻ കത്തോലിക്കാ സഭ വികാരി ജനറൽ വെരി. റവ.ഡോ. വർക്കി ആറ്റുപുറത്ത്, ഡബ്ല്യു സി എം സി ഇന്ത്യ റീജിയൻ പ്രസിഡൻറ് റവ.ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, ഡബ്ല്യു സി എം സി അമേരിക്കൻ റീജിയൻ പ്രസിഡൻറ് ഷാജി എസ് രാമപുരം, ഡബ്ല്യു സി എം സി ഗൾഫ് റീജിയൻ പ്രസിഡണ്ടും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് സെക്രട്ടറിയുമായ റോയി കെ യോഹന്നാൻ, നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡൻറ് പാസ്റ്റർ തോമസ് എം പുളിവേലിൽ, ഡോ. മറിയ ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
സമകാലിക സാഹചര്യത്തിൽ എക്യുമെനിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് സെമിനാർ നയിച്ചു.
വൈഎംസിഎ കേരള റീജിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ.അലക്സ് തോമസിന് ഡബ്ല്യു സി എം സി യുടെ ആദരവ് ഗവർണർ നൽകി. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് – ‘ടാഗോർ സമ്മാൻ’ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരനും സരോജിനി നായിഡു പുരസ്കാർ എഴുത്തുകാരി ഡോ അനിത എം.പി ക്കും ഗവർണർ ഡോ സി.വി ആനന്ദബോസ് സമ്മേളനത്തിൽ വച്ച് സമ്മാനിച്ചു. സംഘാടകസമിതി ഭാരവാഹികളായ റവ.എ ആർ നോബിൾ, ഷെവലിയർ ഡോ. കോശി ജോർജ് എന്നിവർ നേതൃത്വം നൽകി.