തൃശൂർ: ഡിസിസി പ്രസിഡന്റായി അഡ്വ.ജോസഫ് ടാജറ്റിനെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെതാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനാണ് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്നത്. തുടരാനുള്ള ബുദ്ധിമുട്ട് അദ്ദേഹം അറിയിക്കുകയായിരുന്നു.
ജോസഫ് ടാജറ്റിന്റെയും മുൻ എംഎൽഎ അനിൽ അക്കരയുടെയും പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. നിലവിൽ തൃശൂർ ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷ നേതാവാണ് ജോസഫ് ടാജറ്റ്. പ്രഖ്യാപനത്തിനു പിന്നാലെ ജോസഫ് ടാജറ്റിന് അഭിവാദ്യം അറിയിച്ച് അനിൽ അക്കര സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു.