കോഴിക്കോട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എംടിയുടെ വീട്ടിൽ സുരേഷ് ഗോപിയെത്തിയത്. എംടിയുടെ കുടുംബാംഗങ്ങളുമായി സുരേഷ് ഗോപി സംസാരിച്ചു. എംടിയ്ക്കൊപ്പമുള്ള ഓര്‍മകളും പങ്കുവെച്ചു.
എംടിയുടെ ഭാര്യ സരസ്വതി ടീച്ചറോടും മകള്‍ അശ്വതിയോടും 15 മിനുട്ടോളം സുരേഷ് ഗോപി സംസാരിച്ചു. വടക്കൻ വീരഗാഥയുടെ ഓർമ്മകളും തിരക്കഥയുടെ പ്രസക്തിയും പങ്കുവെച്ച സുരേഷ് ഗോപി മലയാളത്തിന്‍റെ കലാമഹത്വമാണ് എംടി എന്ന് അനുസ്മരിച്ചു. വടക്കൻ വീരഗാഥ പോലുള്ള തിരക്കഥകളിൽ അദ്ദേഹത്തിന്‍റെ മാജിക് കാണാം. മനുഷ്യ മനസുകളുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന് ആഴത്തിൽ സ്പര്‍ശിച്ചിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു.