സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കം

Advertisement

തൃശൂര്‍. സിപിഐഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കമാകും. 24-ാംപാർട്ടി കോൺഗ്രസിനും സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായുള്ള അവസാന ജില്ലാ സമ്മേളനം ആണ് തൃശ്ശൂരിൽ നടക്കുക. പാർട്ടി പോളിറ്റ് ബ്യൂറോ മെമ്പറും സംസ്ഥാന സെക്രട്ടറിയുമായ എം. വി ഗോവിന്ദൻ ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തൃശ്ശൂരിലെ ബിജെപിയുടെ വിജയവും കരിവന്നൂർ വിഷയവും സമ്മേളനത്തിൽ മുഖ്യ ചർച്ചയായേക്കും


വിവാദങ്ങൾക്കും വിമർശനങ്ങൾക്കും നടുവിലൂടെ സഞ്ചരിച്ച ഒരു സമ്മേളന കാലയളവ്. പാർലമെൻററി രാഷ്ട്രീയത്തിലെ നേട്ടങ്ങളും കോട്ടങ്ങളും ചർച്ച ചെയ്യപ്പെട്ട വർഷങ്ങൾ. മൂന്നുവർഷത്തെ തൃശ്ശൂരിലെ സമര സംഘടന പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുകയാണ് സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിൽ.

കുന്നംകുളം ടൗൺ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി പതാക – കൊടിമര – ദീപശിഖാജാഥകളുടെ പ്രയാണം ഇന്നലെ വൈകിട്ട് സമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ സംഗമിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ മെമ്പറുമായ എം വി ഗോവിന്ദൻ ഇന്ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തലമുറ മാറ്റവും നേതൃമാറ്റവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നിലവിലെ ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഒരുപക്ഷേ മാറ്റമുണ്ടായേക്കാം. അങ്ങനെയെങ്കിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനികൾ മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി യു.പി ജോസഫും ഗുരുവായൂർ മുൻ എംഎൽഎ കെ വി അബ്ദുൽ ഖാദറുമാണ്. അതേസമയം സംസ്ഥാന കമ്മിറ്റി അംഗം എസി മൊയ്തീൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിനുള്ള സാധ്യതയും തള്ളുന്നില്ല.

സംഘടന റിപ്പോർട്ടിലും അതിന്മേലുള്ള ചർച്ചയിലും ജില്ലയിൽ വിഷയങ്ങൾ ഏറെയാണ്. കരുവന്നൂർ – കുട്ടനല്ലൂർ ബാങ്ക് തട്ടിപ്പ് , ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം, സംഘടനാ തലത്തിലെ അച്ചടക്ക നടപടികൾ, ഏരിയാ സമ്മേളനങ്ങളിലെ ഭാരവാഹി തിരഞ്ഞെടുപ്പുകൾ, സംസ്ഥാന സർക്കാരിന്റെ ഭരണ വിലയിരുത്തൽ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ചർച്ച നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here