കൊച്ചി: പകുതിവില തട്ടിപ്പുകേസില്‍ സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്റ്.
തട്ടിപ്പ് കേസിലെ പ്രതി അനന്തു നവകേരള സദസിന് ഏഴു ലക്ഷം രൂപ സംഭാവന നല്‍കിയെന്നും കേസിന്റെ ആദ്യ ഘട്ടത്തില്‍ അനന്തുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സമയത്ത് മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അനന്തുവിനെ വഴിവിട്ട് സഹായിച്ചുവെന്നും ലാലി വിൻസെന്റ് ആരോപിച്ചു.
ഡി.ഐ.ജിയുടെ അപ്പോയിന്റ്മെന്റ് എടുത്തു നല്‍കിയത് കെ.എം.എബ്രഹാം ആണ്. അനന്തുവിന്റെ കൂടെയുണ്ടായിരുന്ന ബേബി എന്നയാളുടെ ബന്ധുവാണ് കെ.എം.എബ്രഹാമെന്നും ലാലി പറയുന്നു.
കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്. 46 ലക്ഷം രൂപ ഇവർക്ക് നല്‍കിയാതായി അനന്തു മൊഴിനല്‍കിയിരുന്നു. ഇത് അഭിഭാഷ ഫീസാണെന്നായിരുന്നു ലാലി നല്‍കുന്ന വിശദീകരണം. ഒരു പാട് വി.ഐ.പികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ലാലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലെ വിവരങ്ങളാണ് ഇവർ ഒരോന്നായി പുറത്തുവിടുന്നത്.
രാഷ്ട്രീയ നേതാക്കള്‍ മുതല്‍ ന്യായാധിപൻ വരെയുള്ളവരെ അനന്തു മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പിന് മറയാക്കി. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും സാമൂഹിക പ്രവർത്തകനും പണം കൈമാറിയെന്നാണ് മൊഴി. ഇവരുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല. തിരുവനന്തപുരം കേന്ദ്രമായ ട്രസ്റ്റിന്‍റെ ചെയർമാന് രണ്ട് കോടി രൂപ, ഇടുക്കിയിലെ ജനപ്രതിനിധിക്ക് 46 ലക്ഷം, വനിതാ കോണ്‍ഗ്രസ് നേതാവിന് 46 ലക്ഷം, ബി.ജെ.പി നേതാവിന് 40 ലക്ഷം, ഇടുക്കിയില്‍ സർക്കാർ പരിപാടിക്ക് 9 ലക്ഷം, ഇടുക്കിയിലെ സി.പി.എം നേതാവിന് നാല് ലക്ഷം എന്നിങ്ങനെയാണ് നല്‍കിയത്. കൂടാതെ പദ്ധതിക്ക് ആളെ ചേർത്ത ജനപ്രതിനിധികള്‍ക്ക് ഒരു ഇരുചക്രവാഹനത്തിന് 3,750 രൂപ വീതം കമീഷൻ നല്‍കി. കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പാതി വിലക്ക് ഇരുചക്ര വാഹനം നല്‍കാൻ പദ്ധതി ആവിഷ്കരിച്ചതെന്നാണ് അനന്തു പറയുന്നത്. എന്നാല്‍, ഇയാള്‍ക്ക് സ്വന്തമായുള്ള 19 അക്കൗണ്ടുകളില്‍ ഒന്നിലും സി.എസ്.ആർ ഫണ്ട് എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
അഞ്ഞൂറ് കോടിയോളം രൂപയുടെ തട്ടിപ്പിനായി സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തിലധികം സന്നദ്ധ സംഘടനകള്‍ ഇയാള്‍ രൂപവത്കരിച്ചെന്നാണ് കണ്ടെത്തല്‍. അനന്തുവിന്‍റെ നേതൃത്വത്തിലുള്ള സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയണ്‍മെന്‍റല്‍ ഡെവലപ്മെന്‍റ് (സീഡ്) സൊസൈറ്റിയുടെ കീഴില്‍ പഞ്ചായത്തുകളിലും നഗരസഭകളിലും കോഓഡിനേറ്റർമാരെയും ഇവർക്ക് കീഴില്‍ ഫീല്‍ഡ് പ്രമോട്ടർമാരെയും നിയോഗിച്ചാണ് ഇരകളെ കണ്ടെത്തിയത്. സൊസൈറ്റിയില്‍ അംഗത്വമെടുത്തവരില്‍ നിന്ന് പണം സ്വീകരിച്ചത് പ്രഫഷനല്‍ സർവിസസ് ഇന്നവേഷൻസ് പ്രൊജക്‌ട് കണ്‍സല്‍ട്ടൻസി ഏജന്‍സിയുടെ അക്കൗണ്ടിലേക്കാണ്. അംഗത്വ ഫീസായി 200 രൂപയും വാർഷിക വരിസംഖ്യയായി 120 രൂപയും വാങ്ങിയിരുന്നു. സ്വന്തം ഓഫിസ് ജീവനക്കാർക്ക് 30,000 രൂപ വരെ ശമ്പളം നല്‍കിയിരുന്നു.
എറണാകുളം റേഞ്ച് ഡി.ഐ.ജി സതീഷ് ബിനോ, റൂറല്‍ എസ്.പി വൈഭവ് സക്സേന എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഇടുക്കി, എറണാകുളം ജില്ലകളിലെ പല രാഷ്ട്രീയ നേതാക്കളും തെരഞ്ഞെടുപ്പ് ഫണ്ട് എന്ന പേരില്‍ പണം കൈപ്പറ്റിയതായി ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ ബാങ്ക് ഇടപാട് രേഖകള്‍, വാട്സാപ്പ് ചാറ്റുകള്‍ എന്നിവയില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും ലഭിച്ചു.
ഇടുക്കിയിലും കോട്ടയത്തുമായി അഞ്ചിടങ്ങളില്‍ ഭൂമി വാങ്ങിയ അനന്തുവിന് കേരളത്തിനകത്തും പുറത്തും സ്വന്തമായി ഭൂമിയുണ്ട്. സഹോദരിയുടെയും ഭർത്താവിന്‍റെയും പേരില്‍ ഭൂമിയും ആഡംബര വാഹനങ്ങളും വാങ്ങിയിട്ടുണ്ട്. ബിനാമി അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായാണ് പൊലീസ് സംശയിക്കുന്നത്. നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ച പൊലീസ്, വാഹനങ്ങളും സ്ഥലവും കണ്ടുകെട്ടാനും നടപടി ആരംഭിച്ചിട്ടുണ്ട്.