മലപ്പുറം: പകുതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയും പ്രതി ചേർത്തു. പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കിയത്. കേസിലെ ഒന്നാം പ്രതി സായി ഗ്രാമം ഗ്ലോബൽ ഡയറക്ടറായ ആനന്ദകുമാറാണ്. രണ്ടാം പ്രതി അനന്തു കൃഷ്ണനാണ്. വലമ്പൂർ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് കേസെടുത്തത്. അതേ സമയം
തനിക്കെതിരെ പോലീസ് കേസ്സെടുത്ത നടപടി പ്രതിഷേധാർഹമാണന്നും മുനമ്പം കമ്മീഷനായതു കൊണ്ടാണോ കേസ്സെടുത്തതെന്നും ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ. പ്രാഥമികമായ അന്വേഷണം പോലും നടത്താതെയാണ് പോലീസ് കേസ്സെടുത്തതെന്നും, അനന്തകൃഷ്ണനുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റഡിയിലുള്ള അനന്തു കൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പൂർത്തിയായി.അനന്തകൃഷ്ണനെ നാളെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.ഇയാളുടെ കളമശ്ശേരിയിലെ ഓഫീസ് പോലീസ് സീൽ ചെയ്തു.
മലപ്പുറം ജില്ലയിൽ മാത്രം 20 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് വിവരം.
പാതിവില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് രണ്ട് കോടി രൂപ ആനന്ദകുമാറിന് നൽകിയെന്നാണ് അനന്തു നേരത്തെ മൊഴി നൽകിയിരുന്നത്. ഇക്കാര്യം തെളിവെടുപ്പിനിടെ മാദ്ധ്യമങ്ങൾക്ക് മുൻപിലും അനന്തു പറഞ്ഞിരുന്നു. രാഷ്ട്രീയക്കാർക്കും അനന്തു പണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കൊക്കെ നൽകിയെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്നത് വ്യക്തമായെന്ന് അന്വേഷണസംഘം അറിയിച്ചു. സാമ്പത്തിക തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്മകളും അനന്തു കൃഷ്ണൻ രൂപീകരിച്ചിരുന്നു. കൊച്ചി ഗിരിനഗർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സോഷ്യൽ ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാർട്നർഷിപ്പ് കമ്പനിയാണ് ഇതിൽ പ്രധാനം. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ പ്രവർത്തന മൂലധനമായി രേഖകളിൽ കാണിച്ചിരിക്കുന്നത്.
ഇന്നലെ അനന്തു കൃഷ്ണന്റെ പണമിടപാട് വിവരങ്ങളടങ്ങിയ രണ്ടു ഡയറികൾ പൊലീസ് കണ്ടെടുത്തിരുന്നു. മൂവാറ്റുപുഴ പായിപ്രയിലെ ഇയാളുടെ ഓഫീസിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് ഇവ കണ്ടെത്തിയത്.