കായംകുളം. തൂത്തുക്കുടി ദേശീയപാതയ്ക്കായുള്ള പ്രാഥമിക സർവ്വേ നടപടികൾ പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. മധ്യതിരുവതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ആലപ്പുഴ ജില്ലയിലെ കായംകുളത്തു നിന്നും ആരംഭിച്ച ചാരുംമൂട്, അടൂർ, പത്തനാപുരം, പുനലൂർ വഴി തൂത്തുക്കുടിയിലേക്ക് പുതിയ ദേശീയപാത എന്ന ആവശ്യവുമായി നേരത്തെ കേന്ദ്ര ഹൈവേ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നതായി എംപി പറഞ്ഞു.
മന്ത്രിക്ക് നൽകിയ നിവേദനം പ്രകാരമുള്ള റോഡുകളിൽ ആദ്യത്തെ നിർദേശമായ കായംകുളം തൂത്തുക്കുടി റോഡിൽ പുതുതായി ദേശീയപാതയായി ഉയർത്തേണ്ട കായംകുളം മുതൽ പുനലൂർ വരെയുള്ള 57 കിലോമീറ്റർ ദൂരത്തിന്റെ പ്രാഥമിക സർവ്വേ നടപടികളാണ് ദേശീയപാത വിഭാഗം പൂർത്തിയാക്കി.
ദേശീയപാത 66 ൽ നിന്നും കായംകുളം കെഎസ്ആർടിസി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ചാരുംമൂട്, നൂറനാട്, ആദിക്കാട്ടുകുളങ്ങര, പഴകുളം, അടൂർ, ഏഴംകുളം, പത്തനാപുരം വഴി പുനലൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് അലൈൻമെന്റ് സർവേ നടന്നത്.
തമിഴ്നാടിന്റെ ഭാഗമായ തൂത്തുക്കുടി, തിരുനെൽവേലി, മധുരൈ രാജപാളയം, തെങ്കാശി എന്നിവിടങ്ങളെ മധ്യകേരളത്തിലെ പ്രധാന പാതയായ ദേശീയപാത 66 ലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് കൊല്ലം- തേനി ദേശീയപാത 183, ഭരണിക്കാവ്- മുണ്ടക്കയം ദേശീയപാത 183 A, തിരുവനന്തപുരം- അങ്കമാലി മെയിൻ സെൻട്രൽ റോഡ്, പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത, കൊല്ലം – തിരുമംഗലം ദേശീയപാത 744 എന്നീ പാതകളിൽ വേഗത്തിലുള്ള കണക്ടിവിറ്റി ലഭ്യമാക്കും. തൂത്തുക്കുടിയിൽ ദേശീയപാത 138 വഴിയാണ് പാത കടന്നു പോകുന്നത്.
കേരളത്തിന്റെ ഭാഗത്ത് കായംകുളം മുതൽ പുനലൂർ വരെയുള്ള ഭാഗത്തെ റോഡാണ് ദേശീയപാതയായി ഉയർത്തേണ്ടത്. ദേശീയപാത വിഭാഗം നടത്തിയ സർവ്വേയിൽ നിലവിലുള്ള റോഡിൽ വാഹനഗതാഗതം വളരെ ഉയർന്ന നിലയിൽ ആയതിനാൽ പുതുതായി നാലുവരിപ്പാതയ്ക്കാണ് പ്രൊപ്പോസൽ തയ്യാറാക്കുന്നത്. പാതയിൽ രണ്ടു പ്രധാന പാലങ്ങൾ പുതുതായി വേണ്ടിവരും. ചാരുംമൂട് ജംഗ്ഷനിൽ ഫ്ലൈ ഓവറോടുകൂടിയ റോഡും അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ വിശദമായ ജംഗ്ഷൻ വികസനവും പാതയുടെ ഭാഗമായി ഉണ്ടാകും. പാത കടന്നുപോകുന്ന പ്രധാന ജംഗ്ഷനുകൾ വികസിപ്പിക്കും.
പാത യാഥാർത്ഥ്യമാകുന്നതോടുകൂടി തൂത്തുക്കുടി തുറമുഖത്ത് നിന്നും കൊച്ചി തുറമുഖത്തേക്കും വിഴിഞ്ഞം തുറമുഖത്തേക്കും വളരെ വേഗത്തിൽ ചരക്കു നീക്കം നടത്താനാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.