തിരുവനന്തപുരം: മരണവീട്ടിലുണ്ടായ തർക്കം അറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ വളഞ്ഞിട്ട് തല്ലി പരുക്കേൽപിച്ചു. സംഭവത്തിൽ വലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാനൊരുങ്ങുകയാണ് യുവാവ്. ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ടിനു സമീപം ചിത്രനഗർ സ്വദേശി ദത്തൻ ജയന് (25) ആണ് പൊലീസിൻ്റെ ലാത്തിയടിയിൽ സാരമായി പരുക്കേറ്റത്.
ചെവിക്കും താടിയെല്ലിനും പൊട്ടലും ശരീരമാസകലം മുറിവുമുണ്ടായി. 2ാം തിയതി രാത്രി ദത്തന്റെ അമ്മയുടെ ബന്ധത്തിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു സംഭവം. സഹോദരിയുടെ ഭർത്താവ് ജീവനൊടുക്കിയതിനെ ചൊല്ലി മരണദിവസം ബന്ധുക്കൾ തമ്മിൽ തർക്കം ഉണ്ടായി.ദത്തന്റെ സുഹൃത്ത് ആദിത്യനാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി ലാത്തിവീശി ആളുകളെ ഓടിക്കുകയും തല്ലുകയുമായിരുന്നു.
വിഷയത്തിൽ കമ്മിഷണർക്ക് പരാതി നൽകിയിട്ട് ഒരു കാര്യവും ഉണ്ടായില്ലെന്ന് ദത്തൻ ആരോപിക്കുന്നത്. തുടർന്നാണ് മുഖ്യമന്ത്രിക്കടക്കം പരാതി നൽകാൻ തീരുമാനിച്ചത്. പൊലീസിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചു. തുടർന്നു ഭീഷണികൾ ഉണ്ടായതോടെ ജൂസ് കടയിലെ ജോലി നഷ്ടപ്പെട്ടെന്നും യുവാവ് പറയുന്നു. അതേ സമയം മരണവീട്ടിലുണ്ടായ തർക്കം പരിഹരിക്കാൻ മൂന്നു തവണയാണ് പൊലീസിനു പോകേണ്ടി വന്നതെന്നാണ് വലിയതുറ പൊലീസ് പ്രതികരിക്കുന്നത്.
യുവാവിൻ്റെ പരാതിയിൽ അന്വേഷിക്കും. അന്ന് രാത്രിയിൽ കൺട്രോൾ റൂമിൽ നിന്ന് അറിയിച്ചതനുസരിച്ച് പോയതാണ്. മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ വിരട്ടിവിടുകയാണുണ്ടായതെന്നും ദത്തൻ എന്ന യുവാവിന് മർദനമേറ്റത് എങ്ങനെയെന്ന് അറിയില്ലെന്നും വലിയതുറ പൊലീസ് പറഞ്ഞു. പരാതി അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.