മഴയിൽ കുറവ്, തണുപ്പില്ലാത്ത മഞ്ഞുകാലം; 2024 പൊള്ളി: ചൂടിന്റെ തലസ്ഥാനമായി കേരളം

Advertisement

പത്തനംതിട്ട: കേരളം ചൂടിന്റെ തലസ്ഥാനമാകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥാ മാറ്റ പഠന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട്. കേരളത്തിലെ ശരാശരി താപനിലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ ക്രമാതീതമായ വർധനവുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് തൃശൂരിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയനാണു പുറത്തിറക്കിയത്. ഏപ്രിൽ മാസ താപനിലയിലാണ് ഏറ്റവും കൂടിയ വർധനവ് രേഖപ്പെടുത്തിയത് – 1.85 ഡിഗ്രി സെൽഷ്യസ്. 124 വർഷത്തിനിടയിൽ സംസ്ഥാനത്തെ വാർഷിക ശരാശരി താപനിലയിലെ വർധന 0.99 ഡിഗ്രിയായി ഉയർന്നതും ഭാവിയെക്കുറിച്ചുള്ള ആശങ്കയായി റിപ്പോർട്ടിലുണ്ട്.

2024 കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷമായി മാറിയെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായി ചേർന്നു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2016ൽ 0.77 ഡിഗ്രിയും 2023ൽ 0.76 ആയിരുന്ന താപനിലയാണ് പെട്ടെന്ന് വർധിച്ച് 0.99 ഡിഗ്രി ആയി ഉയർന്നത്. സംസ്ഥാനത്തെ എല്ലാ ഋതുക്കളിലും താപനില വർധിക്കുന്ന പ്രവണത ദൃശ്യമായതായും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.

ശൈത്യകാല താപനിലയിലെ വർധന പോലും 1.17 ഡിഗ്രിയാണ്. സംസ്ഥാനത്തെ ഏറ്റവും തണുപ്പു കുറഞ്ഞ മഞ്ഞുകാലത്തിനാണ് ഈ ഡിസംബറിൽ തിരശീല വീണത്. ജനുവരിയിലും തണുപ്പു കുറഞ്ഞതിന്റെ കാരണം റിപ്പോർട്ടിൽനിന്നു വ്യക്തം; ജനുവരിയിലെ കുറഞ്ഞ താപനിലയിൽ 1.71 ഡിഗ്രി വർധനയുണ്ട്. വേനൽക്കാല താപനിലയിൽ 1.13 ഡിഗ്രിയും മൺസൂൺ കാല താപനിലയിൽ 0.95 ഡിഗ്രിയും അതിനുശേഷമുള്ള സമയത്ത് 0.81 ഡിഗ്രിയും ശരാശരി ചൂടിൽ വർധന. റെക്കോർഡ് താപനില അനുഭവപ്പെട്ട 10 വർഷങ്ങളിൽ ഒൻപതും 2015–2024 കാലഘട്ടത്തിലാണ്.

കഴിഞ്ഞ 100 വർഷത്തിനിടയിൽ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകൾ തമ്മിലുള്ള അംശബന്ധ കണക്കിലും വർധനയുടെ പ്രവണത വ്യക്തമാണ്. 1.15 ഡിഗ്രിയുടെ താപവർധനയാണ് ഇതിൽ കണ്ടെത്തിയത്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം 10 ഡിഗ്രിക്കു താഴെ നിന്നില്ലെങ്കിൽ ആ പ്രദേശം ഭാവിയിൽ കൊടും വരൾച്ചയുടെ പിടിയിലേക്കാവും പോകുന്നതെന്ന സൂചനയും വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു. മധ്യകേരളത്തിൽ കാലവർഷം ദുർബലമാവുകയും വേനൽമഴ തീവ്രമഴയായി പെയ്തിറങ്ങുകയും ചെയ്യുന്ന പ്രവണതയും ചൂടേറ്റത്തിന്റെ ഫലമാകാം. കഴിഞ്ഞ 100 വർഷത്തിനിടെ കാലവർഷം 12.4%, തുലാമഴ 5.4 % എന്നിങ്ങനെ കുറയുന്ന പ്രവണതയാണ്.

സംസ്ഥാനത്തെ ശരാശരി താപനിലയിലെ വർധന ക്രമവും രേഖപ്പെടുത്തിയ വർഷങ്ങളും
2021 (0.29°C)
2022 (0.30°C)
1987 (0.38°C)
2015 (0.42°C)
2017 (0.56°C)
2020 (0.67°C)
2019 (0.75°C)
2023 (0.76°C)
2016 (0.77°C)
2024 (0.99 °C)

LEAVE A REPLY

Please enter your comment!
Please enter your name here