കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് മൊഴി നല്‍കി പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ.
എറണാകുളം ജില്ലയിലെ ഒരു എംഎല്‍ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മൂവാറ്റുപുഴയിലെ യുവ കോണ്‍ഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നല്‍കിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണ്ണായക മൊഴി നല്‍കിയത്.
മാത്യു കുഴല്‍നാടൻ എംഎല്‍എയ്ക്ക് പണം ബാങ്കിലേയ്ക്ക് നല്‍കാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാല്‍ മതിയെന്ന് മാത്യു കുഴല്‍നാടൻ ആവശ്യപ്പെട്ടെന്നും അനന്തു കൃഷ്ണൻ മൊഴി നല്‍കിയിട്ടുണ്ട്. ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയില്‍ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് മൊഴി. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയില്‍ പറയുന്നു. തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നാണ് മൊഴി. അവിടേയ്ക്ക് അയച്ചാല്‍ മറ്റാരുടെയെങ്കിലും പേരില്‍ മാറ്റിയെടുക്കാമെന്ന് സി വി വർഗീസ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്.