പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ല, നേതാക്കളെ കുടഞ്ഞ് ഹൈക്കോടതി

Advertisement

കൊച്ചി .വഴി തടഞ്ഞുള്ള സമരത്തിലെ കോടതിയലക്ഷ്യ കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്ന് ഡിവിഷന്‍ ബെഞ്ച് തുറന്നടിച്ചു. നിയമ ലംഘനം നടത്തുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറി, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ വ്യക്തിഗത സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

ഒരുതരത്തിലുള്ള അനുമതിയും ഇല്ലാതെയാണ് പൊതുജനങ്ങള്‍ക്ക് നടക്കാനുള്ള വഴിയില്‍ രാഷ്ട്രീയപാർട്ടികൾ സ്റ്റേജ് കെട്ടുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ല. സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ് എന്നും
നിയമ ലംഘനം നടത്തുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലത്തില്‍ തൃപ്തിയില്ലെന്ന് വ്യക്തമാക്കിയ കോടതി നിരുപാധികം മാപ്പപേക്ഷ നല്‍കിയതുകൊണ്ട് മാത്രമായില്ലെന്നും ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറി വിശദമായ സത്യവാങ്മൂലം നല്‍കണം. എതിര്‍കക്ഷികളായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വ്യക്തിഗത സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും തുടര്‍ന്ന് ഹാജരാകുന്നത് ഹൈക്കോടതി ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം പൊതുവഴി തടഞ്ഞുള്ള പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നതായും സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. സിപിഐഎം നേതാക്കളായ എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വികെ പ്രശാന്ത്, വി ജോയി, സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടിജെ വിനോദ്, ഡൊമിനിക് പ്രസന്റേഷന്‍, തുടങ്ങിയവരാണ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മറ്റന്നാള്‍ വൈകിട്ട് നാല് മണിക്ക് ഹൈക്കോടതിയില്‍ ഹാജരാകണം.

Advertisement