അമ്മയുടെ ആണ്‍ സുഹൃത്തിനെ ഷോക്കടിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

Advertisement

ആലപ്പുഴ: ആലപ്പുഴ വാടയ്ക്കലില്‍ യുവാവിനെ മരിച്ച നിലയല്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. പുന്നപ്ര സ്വദേശി കല്ലുപുരയ്ക്കല്‍ ദിനേശനെ കഴിഞ്ഞ ശനിയാഴ്ചയാണ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ഷോക്കേറ്റാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ദിനേശിന് കിരണിന്റെ അമ്മയുമായുള്ള സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കിരണിന്റെ വീട്ടിലെത്തിയ ദിനേശിനെ പ്രതി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിയായി വീണ്ടും മറ്റൊരു ഇലക്ട്രിക്ക് കമ്പി കൊണ്ട് ഷോക്കേല്‍പ്പിച്ചതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് വീടിനു സമീപത്തെ തരിശുപാടത്തില്‍ ദിനേശന്‍ ബോധമില്ലാതെ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇയാള്‍ സ്ഥിരം മദ്യപാനിയായതുകൊണ്ട് മദ്യപിച്ച് കിടക്കുകയാണെന്നാണ് നാട്ടുകാര്‍ കരുതിയത്. ഉച്ചകഴിഞ്ഞിട്ടും അതേ കിടപ്പ് കിടന്നതുകണ്ട് നാട്ടുകാര്‍ അടുത്തെത്തി നോക്കുമ്പോള്‍ മരണം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ദിനേശന്റെ മരണം ഷോക്കേറ്റാണെന്ന് കണ്ടെത്തിയത്.
ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നെന്ന് കിരണ്‍ പൊലീസിനോട് സമ്മതിച്ചു. അച്ഛന്റെ അറിവോടെയാണ് കൊലപാതകമെന്നും കിരണ്‍ മൊഴി നല്‍കി. കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് കേസില്‍ അച്ഛനെയും പ്രതി ചേര്‍ത്തു. ഇന്നലെ വൈകീട്ടോടെ ദിനേശിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here