ബത്തേരി: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് (45) കാട്ടാന കൊന്നത്. ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. തമിഴ്നാട് അതിർത്തിയാണ് നൂൽപ്പുഴ. തമിഴ്നാട്ടിലെ വെള്ളരി കവലയിൽ നിന്നു വരുമ്പോൾ വയലിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. ആക്രമണ സമയത്ത് കാണാതായ ഭാര്യ ചന്ദ്രികയെ കണ്ടെത്തി നൂൽപ്പുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇരുവരെയും കാണാതായതോടെ ഇന്നു പുലർച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
കേരളത്തിലെ കാപ്പാട് കോളനിയിൽ നിന്ന് ഒരു കിലോമീറ്റർ മാറി തമിഴ്നാട്ടിലെ വെള്ളരി കോളനി നിവാസിയാണ് മാനു. ബന്ധുക്കൾ ഉള്ള കാപ്പാട് കോളനിയിലേക്ക് മാനുവും കുടുംബവും വിരുന്ന് വന്നതാണ്. വിരുന്നു വന്നാൽ ഏറെ നാൾ ഈ കോളനിയിൽ താമസിച്ച ശേഷമായിരിക്കും മടങ്ങിപ്പോകുന്നത്. മാനുവിന് മൂന്ന് മക്കളുണ്ട്.
ബത്തേരിയിൽ നിന്ന് 14 കിലോമീറ്റർ മാറി നൂൽപ്പുഴയിൽ നിന്ന് കാപ്പാടിനു പോകുന്ന വഴിയിൽ ഇരുമ്പു പാലത്തിനു സമീപമാണ് സംഭവം. ഇതിനിടെ നാട്ടുകാർ പ്രതിഷേധം തുടങ്ങി. മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നിലപാട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് നൂൽപ്പുഴ. ഇവിടെ നിന്നും നേരത്തേ കുടുംബങ്ങളെ പുനരധിവാസ പദ്ധതി പ്രകാരം മാറ്റിപ്പാർപ്പിച്ചിരുന്നു.