തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാകാൻ പൊഴിയൂർ. നാട്ടുകാരുടെ നീണ്ട കാലത്തെ സ്വപ്നമാണ് ഇതെന്നും നിർമാണം പൂർത്തിയാകുന്നതോടെ ഏത് കാലാവസ്ഥയിലും വള്ളമിറക്കാൻ കഴിയുന്ന ആധുനിക മത്സ്യബന്ധന തുറമുഖമാകുമിതെന്നും അധികൃതർ അറിയിച്ചു.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ചെലവ് 343 കോടി രൂപയാണ്. തുറമുഖത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിൽ നീക്കിവച്ചിരുന്നു. പൊഴിയൂർ തീരം സംരക്ഷിക്കുന്നതിന് അടിയന്തരമായി മത്സ്യബന്ധന തുറമുഖം നിർമ്മിക്കേണ്ടതിനാൽ ആദ്യഘട്ടമായി പ്രധാന പുലിമുട്ട് വരുന്ന ഭാഗത്ത് 65 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കുവാൻ തീരുമാനിച്ചു. ഈ പ്രവൃത്തിയിൽ 16000 ടൺ കല്ലുകളും അഞ്ച് ടൺ ഭാരമുള്ള 610 ടെട്രാപോഡുകളും ഉപയോഗിക്കുന്നുണ്ട്.
വരുന്ന മൺസൂണിന് മുമ്പ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ശ്രമം. ഒന്നാം ഘട്ടത്തിൽ തന്നെ ചെറുതും വലുതുമായ വള്ളങ്ങൾക്കായി 200 മീറ്റർ വീതിയിൽ ഹാർബർ നിർമിക്കും. രണ്ടാം ഘട്ടത്തിൽ ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾക്ക് കൂടി തുറമുഖത്ത് വരാൻ സൗകര്യമൊരുക്കും. 300 മീറ്റർ കടലിലേയ്ക്ക് ഇറങ്ങിനിൽക്കുന്ന തരത്തിലാണ് തുറമുഖം രൂപകൽപന ചെയ്തിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖങ്ങളിൽ രണ്ടാമതായി പൊഴിയൂർ മാറുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 25,000 മത്സ്യത്തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.