പത്തനാപുരം; മലയോര മേഖലയ്ക്ക് വികസനത്തിന്റെ പുത്തൻ പ്രതീക്ഷകളുമായി പുതിയ ദേശീയപാത വരുന്നു. കായംകുളത്തു നിന്നു തുടങ്ങി തൂത്തുക്കുടിയിൽ അവസാനിക്കുന്ന പാതയുടെ പ്രാഥമിക സർവേ പൂർത്തിയായി. കായംകുളം–അടൂർ–പത്തനാപുരം–പുനലൂർ ടൗണുകളെ ബന്ധിപ്പിച്ച് നിലവിലുള്ള കെപി റോഡ് വീതി കൂട്ടി നാലുവരി പാതയാക്കി ഉയർത്തുകയും, കൊല്ലം–തിരുമംഗലം പാതയിൽ പുനലൂർ–തെന്മല ഭാഗം വീതി കൂട്ടുകയും ചെയ്യുമെന്നുമാണ് പ്രാഥമിക സർവേയിൽ പറയുന്നത്.
ദേശീയപാത 66, കൊല്ലം –തേനി ദേശീയപാത 183, ഭരണിക്കാവ്–മുണ്ടക്കയം ദേശീയപാത 183(A), തിരുവനന്തപുരം–അങ്കമാലി എംസി റോഡ്, കൊല്ലം–തിരുമംഗലം ദേശീയപാത എന്നീ റോഡുകളെ ബന്ധിപ്പിച്ചാകും പുതിയ പാത വരിക. തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങളിലേക്കുള്ള ചരക്ക് നീക്കമാണ് പ്രധാന ലക്ഷ്യമായി കാണുന്നത്. നാലുവരി പാതയായി മാറ്റി, ദേശീയപാതയാക്കുകയെന്ന നിർദേശമാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് ദേശീയപാത വിഭാഗം നൽകിയ സർവേയിൽ പറയുന്നത്. ഇക്കാര്യത്തിൽ മന്ത്രിയുമായി പ്രാഥമിക ചർച്ച നടത്തിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
അതേസമയം, കേന്ദ്ര സർക്കാർ പ്രത്യേക താൽപര്യമെടുത്ത് നടപ്പാക്കുന്ന തിരുവനന്തപുരം–അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേയുടെ പ്രാഥമിക സർവേയും നിർദിഷ്ട കായംകുളം–പുനലൂർ നാലുവരിപ്പാതയുടെ സമാന്തരമായാണ് പോകുന്നത്. ഇത് മൂലം ഗ്രീൻഫീൽഡ് പാതയുടെ അന്തിമ അലൈൻമെന്റ് വന്ന ശേഷമേ കായംകുളം–പുനലൂർ പാതയുടെ കാര്യത്തിൽ തീരുമാനുമുണ്ടാകൂവെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
പത്തനാപുരത്ത് കായംകുളം പാത അവസാനിപ്പിച്ച്, അങ്കമാലി–തിരുവനന്തപുരം ഗ്രീൻഫീൽഡ് പാതയുമായി ചേർത്താൽ മതിയെന്ന നിർദേശവും ഉദ്യോഗസ്ഥ തലത്തിൽ ഉയർന്നിട്ടുണ്ട്. സർവേ പ്രകാരം പത്തനാപുരം–പുനലൂർ ഭാഗം കൂടി നാലു വരിയാക്കിയാൽ, പത്തനാപുരം ടൗൺ പൂർണമായി ഇല്ലാതാകുമെന്ന് പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം–അങ്കമാലി പാത വരുമ്പോൾ തന്നെ നിലവിലുള്ള ടൗണിൽ കുന്നിക്കോട് –പത്തനാപുരം ഭാഗം പൂർണമായും ഇല്ലാതാകും.