തിരുവനന്തപുരം: സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങൾ അനുദിനം പെരുകുമ്പോൾ പ്രതിരോധ പ്രവത്തനങ്ങൾക്കുള്ള ബജറ്റ് തുകയിൽ സർക്കാർ വക കടുംവെട്ട്.
മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ ബജറ്റിൽ വകയിരുത്തിയ തുക വെട്ടിക്കുറച്ചു കെ.എൻ. ബാലഗോപാൽ 5.85 കോടിയാണ് വെട്ടി കുറച്ചത്. 2024- 25 ൽ 48.85 കോടിയായിരുന്നു ഇതിന് വേണ്ടി വകയിരുത്തിയത്. 2024- 25 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 43 കോടിയായി വെട്ടിക്കുറച്ചു.
നിരന്തരം വന്യമൃഗ ആക്രമണങ്ങളിൽ പെട്ട് മരണവും കൃഷിനാശവും സംഭവിക്കുമ്പോഴാണ് സർക്കാർ ഈ തുക വെട്ടിക്കുറച്ചത് എന്നതാണ് വിരോധാഭാസം. ആയിരത്തോളം പേരാണ് വന്യമൃഗ ആക്രമണങ്ങളിൽ 2016 ന് ശേഷം മരണപ്പെട്ടത്. എന്നിട്ടും വന്യജീവി ആക്രമണങ്ങള്‍ കുറഞ്ഞുവരികയാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് നിയമസഭയില്‍ പ്രസംഗിപ്പിച്ചത്.
ആറേഴു വര്‍ഷമായി ആറുപതിനായിരത്തിലധികം വന്യജീവി ആക്രമണങ്ങളാണ് ഉണ്ടായത്. എണ്ണായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. അതോടൊപ്പം കോടിക്കണക്കിന് രൂപയുടെ കൃഷി നാശം ആണ് സംഭവിച്ചത്. മലയോര മേഖലയെ സർക്കാർ വിധിക്ക് വിട്ടിരിക്കുയാണ് എന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് ധനകാര്യ മന്ത്രിയുടെ പ്രവർത്തനവും.
70.40 കോടി രൂപയാണ് മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞതവണത്തേതില്‍ നിന്ന് 21.55 കോടി അധികമുണ്ടെങ്കിലും ഇതിലും ഫണ്ട് വെട്ടിക്കുറക്കലുണ്ടാകുമോ എന്ന ആശങ്കയാണ് മലയോര ജനതക്കുള്ളത്.