കാസർകോട്ടെ ‘കല്യാണരാമനെ’ ഭാര്യമാരുടെ ഫെയ്സ് ബുക്ക് കൂട്ടായ്മ ചതിച്ചു

Advertisement

പത്തനംതിട്ട: കണ്ണീർ കഥ പറഞ്ഞ് സ്ത്രികളുടെ മനം കവർന്ന് നാല് കെട്ടിയ യുവാവിന് ഭാര്യമാരുടെ ഫെയ്സ് ബുക്ക് സൗഹൃദം വിനയായി.
രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്സ് ബുക്ക് ഫ്രണ്ടായതോടെയാണ് അനാഥത്വത്തിന്റെ കണ്ണീർ കഥപറഞ്ഞ് നാടുനീളെ കല്യാണം കഴിച്ചുനടന്ന കല്യാണരാമൻ ഒടുവിൽ പിടിയിലായത്.

കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റില്‍ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെ കോന്നി പോലീസ് ആണ് അകത്താക്കിയത്.

താൻ അനാഥനാണെന്നും വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം ദീപു യുവതികളോട് പറയും. അവരില്‍നിന്ന് കിട്ടുന്ന കണ്ണീരാനുകൂല്യം മുതലാക്കി കല്യാണവും കഴിക്കും. ഇതായിരുന്നു പതിവ് രീതി. തുടർന്ന് ഒരുമിച്ചുജീവിച്ച്‌ ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകും.

കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 വർഷം മുമ്പ് കല്യാണം കഴിച്ചായിരുന്നു തുടക്കം. ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായി. തുടർന്ന് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്‌ മുങ്ങി. അടുത്തുതന്നെ കാസർകോട്ടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് കടന്ന ദീപു അവിടെ കുറേക്കാലം ഒരുമിച്ച്‌ താമസിച്ചശേഷം സ്ഥലംവിട്ടു. പിന്നീട് എറണാകുളത്ത് എത്തി ഒരു സ്ത്രീയുമായി അടുത്തു. കുറച്ചുനാള്‍ അവരുമൊത്ത് കഴിഞ്ഞപ്പോഴാണ് ഫെയ്സ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരെ വലയിലാക്കി അർത്തുങ്കല്‍വെച്ച്‌ കല്യാണവും കഴിച്ചു.

രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിന്റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫെയ്സ് ബുക്ക് സുഹൃത്തായി. അപ്പോഴാണ് അവരുടെ ഭർത്താവിന്റെ സ്ഥാനത്ത് തന്റെ മുൻ ഭർത്താവ് ഇരിക്കുന്ന ചിത്രം കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്റെ കള്ളക്കളികള്‍ വിശദീകരിച്ചുകൊടുത്തു. ദീപുവിന് മുമ്പ്ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ഇൻഷുറൻസ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോള്‍ തന്നോടുള്ള താത്പര്യം കുറഞ്ഞതായും ഉപേക്ഷിച്ചുകടക്കാൻ പോകുന്നെന്നും ഇതിനിടെ ആലപ്പുഴ സ്വദേശിനിക്ക് തോന്നി. തുടർന്നാണ് ഇവർ പരാതിയുമായി കോന്നി പോലീസിനെ സമീപിച്ചത്. കാസർകോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ യുവതിയെ എത്തിച്ച്‌ ഇയാള്‍ ബലാത്സംഗം നടത്തിയതായും പോലീസിന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തുടർന്ന് തിങ്കളാഴ്ച പുലർച്ചെ പോലീസ് ഇൻസ്പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദീപുവിനെ പിടികൂടുകയായിരുന്നു. റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here