ഇന്ന് ഹര്‍ത്താൽ… ബസുടമകളും വ്യാപാരികളും ഹര്‍ത്താലുമായി സഹകരിക്കില്ല

Advertisement

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇന്ന് ഹര്‍ത്താൽ. കര്‍ഷക സംഘടനയായ ഫാര്‍മേഴ്സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നി സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ബസുടമകളും വ്യാപാരികളും ഹര്‍ത്താലുമായി സഹകരിക്കില്ല.
കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെങ്കിലും ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് സംഘടനയുടെ നിലപാട്.

വയനാട്ടിൽ കേരള- തമിഴ്നാട് അതിർത്തിയിലെ അമ്പലമൂല, വെള്ളരി, നരിക്കൊല്ലി മെഴുകൻമൂല ഉന്നതിയിലെ മനു (46) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് മനുവിനെ കാട്ടാന കൊന്നത്. ഇന്നലെ രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാപ്പാട്ടെ മനുവിന്റെ കുടുംബ വീടിനടുത്തെ വയലിന് സമീപത്ത് മൃതദേഹം കണ്ടത്.

ഭാര്യ ചന്ദ്രികയുമൊത്ത് അങ്ങാടിയിൽ നിന്ന് സാധനം വാങ്ങിയശേഷം മനു കാപ്പാട്ടെ കുടുംബവീട്ടിലേക്ക് പോയി. ഭാര്യ നരിക്കൊല്ലിയിലെ വീട്ടിലേക്കും. രാത്രി എട്ടോടെ ഓട്ടോയിൽ ഓണിവയലിൽ വന്നിറങ്ങിയശേഷം കുടുംബ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് മനുവിനെ കാട്ടാന ആക്രമിച്ചത്.

Advertisement