ചികിത്സ തുടങ്ങുംമുമ്പ് ബീജം ശേഖരിച്ച് സൂക്ഷിച്ചു; വൃഷണാര്‍ബുദം അതിജീവിച്ച യുവാവിന് ടെസ്റ്റ്ട്യൂബ് ശിശു ജനിച്ചു

Advertisement

തിരുവനന്തപുരം: വൃഷണാര്‍ബുദം അതിജീവിച്ച യുവാവിന് ബീജശീതീകരണവും തുടര്‍ന്നുള്ള ഐവിഎഫ് ചികിത്സയും വഴി കുഞ്ഞ് ജനിച്ചു. ആർസിസിയിൽ അർബുദ ചികിത്സയ്ക്ക് വിധേയനായ യുവാവാണ് ചികിത്സയ്ക്ക് മുമ്പ് ഐവിഎഫ് സെന്ററിൽ ബീജം ശേഖരിച്ച് ശീതികരിച്ച് സൂക്ഷിക്കുകയും പിന്നീട് രോഗം ഭേദമായ ശേഷം വിവാഹം കഴിഞ്ഞ് കുഞ്ഞെന്ന സ്വപ്‌നം സഫലീകരിക്കുകയും ചെയ്തത്.

വൃഷണാര്‍ബുദത്തിന് പല സ്ഥലങ്ങളില്‍ ചികിത്സ തേടിയതിന് ശേഷമാണ് 2016ൽ കൗമാരക്കാരന്‍ തിരുവനന്തപുരത്തെ റീജ്യണൽ ക്യാൻസർ സെന്ററിൽ എത്തിയത്. റേഡിയേഷൻ ചികിത്സ തുടങ്ങുന്നതിന് മുമ്പ് ബീജം ശീതീകരിച്ചു സൂക്ഷിക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് തന്നെയുള്ള സമദ് ഐവിഎഫ് ആശുപത്രിയിലെ ഡോക്ടർമാരെ സമീപിച്ചു. ശേഷം അര്‍ബുദ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയും കീമോതെറാപ്പിയും ആർസിസിയിൽ പൂര്‍ത്തീകരിച്ചു.

വിവാഹശേഷം വീണ്ടും ആശുപത്രിയിലെത്തി വർഷങ്ങൾക്ക് മുമ്പ് ശീതികരിച്ച് സൂക്ഷിച്ച ബീജം ഉപയോഗിച്ച് ഐവിഎഫ് ചികിത്സയിലൂടെ തന്റെ കുഞ്ഞെന്ന സ്വപ്‌നം സഫലീകരിക്കുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനുവരി എട്ടാം തീയ്യതി ദമ്പതികൾക്ക് സിസേറിയൻ വഴി ആൺകുഞ്ഞ് ജനിച്ചു.

അര്‍ബുദ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നീ ചികിത്സ രീതികളിൽ ബീജം, അണ്ഡം പോലെയുള്ള കോശങ്ങൾ പൂര്‍ണമായും നശിക്കുന്ന സാഹചര്യമുണ്ടെങ്കിൽ ചികിത്സ തുടങ്ങുന്നതിനു മുന്നേതന്നെ ബീജം അല്ലെങ്കില്‍ അണ്ഡം പുറത്തെടുത്തു ശീതീകരിച്ച് സൂക്ഷിച്ചുവെയ്ക്കാനാവും. 2021ല്‍ പ്രാബല്യത്തിൽ വന്ന പുതിയ നിയമമനുസരിച്ച് 10 വര്‍ഷം വരെ ഇത്തരത്തില്‍ ബീജം സൂക്ഷിക്കാം. നാഷണല്‍ ബോര്‍ഡിന്റെ അനുവാദത്തോടെ അതില്‍ കൂടുതല്‍ കാലത്തേക്കും സൂക്ഷിക്കാൻ സാദ്ധ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here