കൊച്ചി: ‘‘എനിക്കു പേടിയാണ്. ചെയർമാനോട് സംസാരിക്കാൻ എനിക്കു ധൈര്യമില്ല’’ – പരസ്യമായി മാപ്പു പറയണമെന്ന നിർദേശത്തെ തുടർന്ന്, നിലവിലെ സെക്രട്ടറിക്കു നൽകാനായി ജോളി എഴുതി, പാതിയിൽ നിർത്തിയ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.‘തൊഴിൽ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാൻ.
എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാൻ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതിൽ നിന്നു കരകയറാൻ എനിക്കു കുറച്ചു സമയം തരൂ.’ ഇംഗ്ലിഷിലുള്ള, മുഴുമിപ്പിക്കാത്ത കത്തിലെ വരികൾ ഇങ്ങനെ പോകുന്നു. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ജോളി ബോധരഹിതയാകുന്നത്.