ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘തൽകാലത്തേക്ക്’ ആശ്വാസം പകർന്ന് സ്വർണവിലയിൽ ഇന്നു മികച്ച കുറവ്. ഗ്രാമിന് 70 രൂപ ഇടിഞ്ഞ് 7,940 രൂപയായി. 560 രൂപ താഴ്ന്നിറങ്ങി 63,520 രൂപയാണ് പവൻവില. ഇതോടെ, ഇന്നലെ രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ ഗ്രാമിന് 8,060 രൂപയിൽ നിന്ന് ഇന്നലെ ഉച്ചയോടെയും ഇന്നു രാവിലെയുമായി കുറഞ്ഞത് 120 രൂപ. പവന് 64,480 രൂപയിൽ നിന്ന് 960 രൂപയും കുറഞ്ഞു.
18 കാരറ്റ് സ്വർണവിലയും ഇന്നു ഗ്രാമിന് 60 രൂപ പിന്നോട്ടിറങ്ങി 6,550 രൂപയായി. അതേസമയം, ഏറെ ദിവസമായി വെള്ളിവിലയിൽ മാറ്റമില്ല. ഇറക്കുമതി തീരുവയെ ആയുധമാക്കി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട ആഗോള വ്യാപാരയുദ്ധം സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലും ഓഹരിവിപണികളിലും വിതയ്ക്കുന്ന ആശങ്കമൂലം സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ ലഭിച്ചിരുന്നു.
ഇതുമൂലം ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് വൻതോതിൽ പണമൊഴുകിയതും ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളിൽ നിന്ന് ഡിമാൻഡ് ഉയർന്നതും രാജ്യാന്തര സ്വർണവിലയെ ഇന്നലെ ഔൺസിന് 2,941 ഡോളർ എന്ന സർവകാല റെക്കോർഡിലേക്ക് ഉയർത്തിയിരുന്നു.
പുറമേ, ട്രംപിന്റെ നയങ്ങളിൽ നിന്ന് ഊർജമുൾക്കൊണ്ട് ഡോളർ കുതിച്ചതും സ്വർണത്തിന് നേട്ടമായിരുന്നു. എന്നാൽ, ഉയർന്നവില മുതലെടുത്ത് സ്വർണനിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതും ഡോളറിനെതിരെ ഇന്നലെയും ഇന്നു രാവിലെയും രൂപ മികച്ചതോതിൽ കരകയറിയതും സ്വർണവില കുറയാനിടയാക്കി.
ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തരവില 2,887 ഡോളറിലേക്ക് വീണു. ഇതും രൂപയുടെ കയറ്റവും തുണച്ചതോടെയാണ് കേരളത്തിലും വില താഴ്ന്നത്. ഡോളറിനെതിരെ 39 പൈസ മെച്ചപ്പെട്ട് 86.44ലാണ് ഇന്നു രൂപ വ്യാപാരം ആരംഭിച്ചത്. തിങ്കളാഴ്ച മൂല്യം 88 രൂപയ്ക്ക് തൊട്ടടുത്ത് എത്തിയിരുന്നു.
യുഎസ് സാമ്പത്തിക വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലല്ലെന്നും അടിസ്ഥാന പലിശനിരക്ക് ധൃതി പിടിച്ചു കുറയ്ക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ അഭിപ്രായപ്പെട്ടതിനെ തുടർന്ന്, യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) മെച്ചപ്പെട്ടിട്ടുണ്ട്. ഇതോടെ, നിക്ഷേപകർ സ്വർണത്തെ കൈവിട്ട് ബോണ്ടിലേക്ക് നിക്ഷേപം മാറ്റിയതും രാജ്യാന്തര സ്വർണവില കുറയാൻ വഴിയൊരുക്കി.
വാങ്ങൽ വിലയിലും ആശ്വാസം
സ്വർണവില കുറഞ്ഞതോടെ, ആഭരണമായി വാങ്ങുന്നവിലയിലും വലിയ ആശ്വാസം ഉപഭോക്താക്കൾക്കു നേടാം. 3% ജിഎസ്ടി, ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി (മിനിമം 5% പ്രകാരം) എന്നിവയും ചേർന്നാൽ ഇന്നലെ രാവിലെ ഒരു പവൻ ആഭരണത്തിന് വാങ്ങൽവില 69,780 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,724 രൂപയും. ഇന്നത് പവന് 68,752 രൂപയും ഗ്രാമിന് 8,594 രൂപയുമായി കുറഞ്ഞു. അതായത്, പവന് ഇന്നലെ രാവിലത്തെ വിലയെ അപേക്ഷിച്ച് 1,030 രൂപയ്ക്കടുത്തും ഗ്രാമിന് 130 രൂപയ്ക്കടുത്തും കുറഞ്ഞു.