‘എന്റെ മാലാഖ’… ഷൈമയ്‌ക്കൊപ്പമുള്ള ചിത്രം സ്റ്റാറ്റസ്… മൂന്നാം തവണയും ആത്മഹത്യാശ്രമം; ഒടുവില്‍ ജീവന്‍ വെടിഞ്ഞ് സജീര്‍

Advertisement

നിക്കാഹ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പതിനെട്ടുകാരി ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അയല്‍വാസി തൂങ്ങി മരിച്ചനിലയില്‍. മലപ്പുറം കാരക്കുന്ന് സ്വദേശി സജീര്‍ (19) ആണ് മരിച്ചത്.
ഈ മാസം 3ന് ആണ് ആമയൂര്‍ റോഡ് പുതിയത്ത് വീട്ടില്‍ ഷൈമ സിനിവറിനെ (18) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സജീര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്നു രാവിലെ എടവണ്ണയിലാണു സജീറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണു വിവരം.
കൈ ഞരമ്പ് മുറിച്ചതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന സജീര്‍ ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ശേഷം ശുചിമുറി കഴുകാനുപയോഗിക്കുന്ന ലായനി എടുത്ത് കുടിച്ച് വീണ്ടും ആശുപത്രിയിലായി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സജീര്‍ ആരുമറിയാതെ ഇവിടെനിന്നു കടന്നുകളഞ്ഞു. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് എടവണ്ണ പുകമണ്ണില്‍ തൂങ്ങിമരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സജീര്‍ സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ‘എന്റെ മാലാഖ’ എന്ന ഒറ്റവരിക്കൊപ്പമാണ് വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ഇരുവരും നില്‍ക്കുന്ന ചിത്രം സജീര്‍ പോസ്റ്റ് ചെയ്തത്.
ഷൈമയുടെ സമ്മതമില്ലാതെയാണു ബന്ധുക്കള്‍ നിക്കാഹ് നടത്തിയത് എന്നാണ് ആരോപണം. ഇതിനു പിന്നാലെ ഷൈമ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. പിതാവ് മരിച്ച ശേഷം പിതൃസഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. ജനുവരി അവസാനമായിരുന്നു ഷൈമയുടെ നിക്കാഹ്. മതാചാരപ്രകാരം ചടങ്ങ് നടത്തിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഷൈമയെ കൂട്ടിക്കൊണ്ടു പോയിരുന്നില്ല.
നിക്കാഹിനു പെണ്‍കുട്ടിക്കു സമ്മതക്കുറവുണ്ടായിരുന്നു എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായി. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു നിക്കാഹിനു സമ്മതിക്കേണ്ടി വന്നതിലെ വിഷമത്തിലാണ് ഷൈമ ജീവനൊടുക്കിയതെന്നാണു വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here