കൊല്ലം. പ്രതിയായ സന്ദീപ് കൊല്ലുമെന്ന് ആക്രോശിച്ചു കൊണ്ട് ഡോക്ടർ വന്ദന ദാസിൻ്റെ പുറത്തും തലയിലും കുത്തിയെന്ന് ഒന്നാം സാക്ഷി ഡോക്ടർ മുഹമ്മദ് ഷിബിൻ കോടതിയിൽ.പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഡോക്ടർ വന്ദന ദാസിൻ്റെ പിതാവ് മോഹൻ ദാസ് . കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു.
ഡോക്ടർ വന്ദന ദാസ് കൊലകേസിലെ ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് ബുധനാഴ്ച
കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്.കൊലപാതക സമയത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനയ്ക്ക് ഒപ്പമുണ്ടായിരുന്ന ഒന്നാം സാക്ഷിയായ ഡോ മുഹമ്മദ് ഷിബിനെയാണ് ഇന്ന് വിസ്തരിച്ചത്. സന്ദീപ് തന്നെയാണ് കൊലയാളി എന്ന് പ്രതിയെ ചൂണ്ടി ഷിബിൻ കോടതിയിൽ വ്യക്തമാക്കി. ഒരടിയോളം വലിപ്പമുള്ള സ്റ്റീൽ നിറത്തിലുളള കത്രിക ഉപയോഗിച്ച് വന്ദനയുടെ പുറത്തും തലയിലും സന്ദീപ് കുത്തിയെന്ന് ഷിബിൻ കോടതിയിൽ മൊഴി നൽകി. വിസ്താരത്തിനൊപ്പം തന്നെ ക്രോസ് വിസ്താരവും ആരംഭിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ,സാക്ഷിമൊഴികൾ ഒന്നിച്ച് രേഖപ്പെടുത്തിയ ശേഷം മാത്രം ക്രോസ് വിസ്താരം നടത്തിയാൽ മതിയെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ ആപേക്ഷ നൽകി. ഒന്നാം സാക്ഷിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു.സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ സി സി ടി വി ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കണമെന്ന ആവശ്യവും പ്രതിഭാഗം ഉന്നയിച്ചിട്ടുണ്ട്. കേസിൽ പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ഡോക്ടർ വന്ദന ദാസിൻ്റെ പിതാവ്പറഞ്ഞു.
131 സാക്ഷികൾ ഉള്ള കേസിൽ ആദ്യ 50 പ്രതികളുടെ സാക്ഷി വിസ്താരം നാളെ മുതൽ തുടരും