‘അച്ഛൻ അമ്മയുടെ തല ഭിത്തിയോടു ചേർത്ത് ഇടിച്ചു’: സംസ്‍കരിച്ച മൃതദേഹം പുറത്തെടുത്തു; പോസ്റ്റ്മോർട്ടം ഇന്ന്

Advertisement

ചേർത്തല: അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു പരിശോധനയ്ക്കു കൈമാറി. ഇവരുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. വീട്ടിലെ ഗോവണിയിൽ നിന്നു വീണതിനെത്തുടർന്നുണ്ടായ മരണമെന്നു കരുതിയ സംഭവമാണു കൊലപാതകം എന്നതിലേക്കു നീങ്ങുന്നത്. ചേർത്തല നഗരസഭ 29ാം വാർഡ് പണ്ടകശാലപ്പറമ്പിൽ സജി(46)യുടെ മരണവുമായി ബന്ധപ്പെട്ടാണു ഭർത്താവ് സോണി(48)യെ കസ്റ്റഡിയിലെടുത്തത്.

തലയ്ക്കു ഗുരുതര പരുക്കേറ്റ നിലയിൽ ജനുവരി എട്ടിനാണ് സജിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഒരു മാസം വെന്റിലേറ്ററിലായിരുന്ന സജി കഴിഞ്ഞ ഞായറാഴ്ച രാവിലെ മരിച്ചു. വൈകിട്ടു മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തി. ചൊവ്വാഴ്ച രാത്രിയാണു മകൾ മീഷ്മ അച്ഛനെതിരെ ചേർത്തല പൊലീസിൽ പരാതി നൽകിയത്. സംഭവദിവസം രാത്രി അച്ഛൻ അമ്മയുടെ തല ഭിത്തിയോടു ചേർത്ത് ഇടിച്ചെന്നും അങ്ങനെയാണു ഗുരുതരാവസ്ഥയിലായെന്നുമാണ് മൊഴി.

അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. അച്ഛൻ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയിൽ വച്ച് സത്യം പറയാതിരുന്നതെന്നും മീഷ്മ പൊലീസിനോടു പറഞ്ഞു. ചൊവ്വാഴ്ച രാത്രി സോണി വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണു മീഷ്മ പൊലീസിൽ വിവരം അറിയിച്ചത്. ഇന്നലെ രാവിലെ നിയമനടപടികൾ പൂർത്തിയാക്കി വൈകിട്ടു മൂന്നരയോടെ കല്ലറ തുറന്നു മൃതദേഹം പുറത്തെടുത്തു. ഇന്നു പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തും. വിദേശത്തു ലാബ് ടെക്നിഷ്യനായിരുന്ന സജി രണ്ട് വർഷം മുൻപു തിരിച്ചെത്തി ചേർത്തലയിൽ പാത്രക്കട നടത്തുകയാണ്. വിദേശത്തായിരുന്ന മകൻ ബെനോബ് അമ്മയുടെ മരണത്തെത്തുടർന്നു നാട്ടിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here