തിരുവനന്തപുരം; സ്വകാര്യസർവകലാശാലകളോടുള്ള നയം തിരുത്തിയെങ്കിലും അന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയ മുൻ എസ്എഫ്ഐ നേതാവിന് സിപിഎം നൽകിയത് പദവിയും ജോലിയും. ആഗോളവിദ്യാഭ്യാസ സംഗമത്തിനു കോവളത്തെത്തിയ ടി.പി.ശ്രീനിവാസനെ തല്ലിയ കേസിൽ പ്രതിയായ ജെ.എസ്.ശരത്ത് ഇപ്പോൾ ഡിവൈഎഫ്ഐ മലയിൻകീഴ് മേഖലാ സെക്രട്ടറിയാണ്. എൽഡിഎഫ് ഭരിക്കുന്ന മലയിൻകീഴ് സർവീസ് സഹകരണ ബാങ്കിൽ അപ്രൈസറും.
ടി.പി.ശ്രീനിവാസനെ മർദിച്ച കേസിൽ പ്രതിയാവുകയും സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തപ്പോൾ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു ശരത്തിനെ നീക്കിയിരുന്നു. എന്നാൽ ഇതു മുഖംരക്ഷിക്കാനുള്ള നടപടി മാത്രമായിരുന്നു. ഡിവൈഎഫ്ഐയുടെ മലയിൻകീഴ് മേഖലാ സെക്രട്ടറി സ്ഥാനത്തിനൊപ്പം വിളപ്പിൽ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. സിപിഎമ്മിന്റെ മലയിൻകീഴ് ലോക്കൽ കമ്മിറ്റിയിലും ഉൾപ്പെടുത്തി. ഒന്നരവർഷം മുൻപാണു സഹകരണ ബാങ്കിൽ പാർട്ടി ജോലി നൽകിയത്. സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും ശരത് പ്രതികരണത്തിനു തയാറായില്ല.