തിരുവനന്തപുരം ∙ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾക്ക് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ നൽകിയത് 1000 ദിവസത്തെ പരോൾ. ആറു പ്രതികൾക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
1081 ദിവസത്തെ പരോളാണു കെ.സി.രാമചന്ദ്രന് അനുവദിച്ചത്. ട്രൗസർ മനോജിനും സിജിത്തിനും ആയിരത്തിലേറെ ദിവസം പരോൾ ലഭിച്ചു. മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവും. ടി.കെ.രജീഷിന് 940, മുഹമ്മദ് ഷാഫി 656, കിർമാണി മനോജ് 851, എം.സി.അനൂപ് 900, ഷിനോജ് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണു പരോൾ നൽകിയത്.
(പ്രതിപ്പട്ടികയിലെ സ്ഥാനം ബ്രാക്കറ്റിൽ): എം.സി. അനൂപ് (1), കിർമാണി മനോജ് (2), കൊടി സുനി (3), ടി.കെ.രജീഷ് (4), കെ.കെ.മുഹമ്മദ് ഷാഫി (5), എസ്. സിജിത്ത് (6), കെ.ഷിനോജ് (7), കെ.സി. രാമചന്ദ്രൻ (8), ട്രൗസർ മനോജൻ (11), കെ.കെ. കൃഷ്ണൻ (10), ജ്യോതി ബാബു (12), വാഴപ്പടച്ചി റഫീഖ് (18), ലംബു പ്രദീപൻ (31), പി.കെ.കുഞ്ഞനന്തൻ (13) – ജയിലിൽ ആയിരിക്കെ 2020ൽ മരിച്ചു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു
2018 ജനുവരി മുതൽ കൊടി സുനിക്ക് 90 ദിവസത്തെ പരോൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. എമർജൻസി ലീവ്, ഓർഡിനറി ലീവ്, കോവിഡ് സ്‌പെഷൽ ലീവ് എന്നിങ്ങനെ 3 വിഭാഗത്തിലാണു പരോൾ അനുവദിച്ചത്. ജയിൽചട്ടമനുസരിച്ചു പ്രതികൾക്കു ലീവ് അനുവദിക്കുന്നതിൽ തെറ്റില്ലെന്നാണു ജയിൽവകുപ്പിന്റെ നിലപാട്.
കൊലയാളികളെ സംരക്ഷിക്കുക എന്നതു സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതാണ് ആഭ്യന്തരവകുപ്പ് നടപ്പാക്കിയതെന്നും ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതു നടക്കുന്നത്. നിയമസഭയിൽ ഇതു സംബന്ധിച്ചു ചോദിച്ച ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും രമ വ്യക്തമാക്കി.