കോട്ടയം: നഗ്‌നരാക്കി കട്ടിലില്‍ കെട്ടിയിട്ടും സ്വകാര്യ ഭാഗത്ത് ഡമ്ബല്‍ തൂക്കിയും ക്രൂരമായി റാഗ് ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
കോമ്പസ് ഉപയോഗിച്ച് ശരീരമാകെ വരഞ്ഞ് ലോഷൻ ഒഴിക്കും.ഗാന്ധിനഗർ ഗവ. നഴ്‌സിംഗ് കോളേജ് ബോയ്‌സ് ഹോസ്റ്റലില്‍ റാഗിംഗ് എന്നപേരില്‍ ഒന്നാംവർഷക്കാരായ ആറു പേർ നേരിട്ടത് അതിക്രൂര പീഡനം. അറസ്റ്റിലായ അഞ്ച്സീനിയർ വിദ്യാർത്ഥികളെ 14 ദിവസത്തേക്ക് റിമാൻഡ് ,ചെയ്തു.
കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് മർദ്ദനമുറകള്‍ക്ക് ഇരയാക്കുന്നത്. മദ്യം വാങ്ങാൻ 800 രൂപ നല്‍കണം. ഇല്ലെങ്കില്‍ മർദ്ദിച്ചവശരാക്കി തട്ടിപ്പറിക്കും. രാത്രി മദ്യപിച്ചെത്തി പുതിയ മർദ്ദനമുറകള്‍ തുടങ്ങും.
ക്ലാസ് ആരംഭിച്ച നവംബർ നാല് മുതല്‍ മർദ്ദനം പതിവാണെന്ന് കുട്ടികള്‍ പറഞ്ഞു. ജനറല്‍ നഴ്സിംഗ് ഒന്നാംവർഷ ബാച്ചില്‍ ആറ് ആണ്‍കുട്ടികളേയുള്ളൂ. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരും ഇടുക്കിയില്‍ നിന്നുള്ള ഒരാളുമാണ് ഇരകള്‍.
മൂന്നാം വർഷ വിദ്യാർത്ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍ (20), കോരുത്തോട് മടുക്ക നെടുങ്ങാട് വിവേക് (21), വയനാട് പുല്‍പ്പള്ളി ഞാവലത്ത് ജീവ (19), മഞ്ചേരി കച്ചേരിപ്പടി റിജില്‍ജിത്ത് (20), വണ്ടൂർ കരുമാരപ്പറ്റ രാഹുല്‍ രാജ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോളേജില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണത്തിന് കമ്മിഷനെ വച്ചതായി കോളേജ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ പണം നല്‍കാത്തതിന് മർദ്ദനമേറ്റ വിദ്യാർത്ഥി മാതാപിതാക്കളെ അറിയിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. മൂന്നുപേർ ഗാന്ധിനഗർ പൊലീസില്‍ പരാതി നല്‍കി.
രാത്രി നിർബന്ധിച്ച് മദ്യം നല്‍കി നഗ്നവീഡിയോ എടുക്കുന്നത് പ്രതികളുടെ സ്ഥിരം ഹോബി. വീഡിയോ പുറത്തായാല്‍ പഠനം നിലയ്ക്കുമെന്ന് ഭയന്നാണ് എല്ലാം സഹിച്ചത്. ശനി, ഞായർ ദിവസങ്ങളിലായിരുന്നു കൊടുംപീഡനം.
ചൊവ്വാഴ്ച രക്ഷിതാവ് പറയുമ്പോഴാണ് അറിയുന്നത്. പരാതി ജില്ലാ പൊലീസ് മേധാവിക്കും എസ്.എച്ച്.ഒയ്ക്കും കൈമാറി. ആന്റി റാഗിംഗ് കമ്മിറ്റിയും സ്‌ക്വാഡുമുണ്ട്.
പ്രതികളുടെ ഫോണില്‍ നിന്ന് നടുക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നഗ്‌നരാക്കി വീഡിയോ ചിത്രീകരിച്ചതിന് പ്രത്യേക കേസുണ്ട്