ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍. ചേര്‍ത്തല 29-ാം വാര്‍ഡ് പണ്ടകശാലപ്പറമ്പില്‍ സജി(46)യാണ് മരിച്ചത്. തലയോട്ടിയില്‍ പൊട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് മരിച്ച സജിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. അസ്വഭാവികമരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്ചയാണ് മരിച്ചത്. സജിക്ക് ഭര്‍ത്താവ് സോണിയില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇപ്പോള്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതകകുറ്റമോ മനപൂര്‍വമല്ലാത്ത നരഹത്യകുറ്റമോ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് ഉടന്‍ തീരുമാനമെടുക്കും.
ചേര്‍ത്തല മുട്ടം സ്വദേശിയായ വി സി സജിയെ കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധവസ്ഥയില്‍ ആയതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. വീടിനകത്ത് കോണിപടിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു മകള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ചികിത്സയില്‍ ഇരിക്കേ കഴിഞ്ഞ ഞായറാഴ്ച സജി മരിച്ചു. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പത്തൊന്‍പതുകാരിയായ മകള്‍ അമ്മയെ അച്ഛന്‍ സോണി മര്‍ദിച്ചിരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞത്. തുടര്‍ന്ന് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി.
തല ഭിത്തിയില്‍ പിടിച്ചു ഇടിച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സോണിയുടെ സ്ത്രീസൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമര്‍ദനം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ സജിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തതിന് പിന്നലെയാണ് മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.