2025 ജനുവരി 21 ന്, 1200 മകരം 8 ന് പ്രഭാതം മുതല്‍ ചൊവ്വ കർക്കടകത്തിൽ നിന്നും വക്രഗതിയായി മിഥുനത്തിലേക്ക് സഞ്ചരിച്ചുവരികയാണ്. ഏപ്രിൽ 3 , മീനം 20 വരെ (ഏതാണ്ട് 70 ൽ അധികം ദിവസങ്ങൾ) ചൊവ്വ മിഥുനം രാശിയിൽ തുടരും. ഭൂമി,വസ്തു, ദേഹബലം, ധൈര്യം, സാഹസികത, സാഹോദര്യം, അഗ്‌നി, ആയുധങ്ങള്‍, ക്രമസമാധാന പാലനം, മിലിട്ടറി ഫോഴ്‌സ്, യുദ്ധം, നേതൃഗുണം ഇവയുടെ കാരകന്‍ ചൊവ്വയാണ്. ഗോചരാലും വ്യക്തികളുടെ ജാതകത്തിലും ചൊവ്വയെക്കൊണ്ട് ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നു. ജന്മരാശിയിലും അഥവാ കൂറിലും ജനിച്ച കൂറിന്റെ 8,12 എന്നീ രാശികളിലും സഞ്ചരിക്കുമ്പോള്‍ ചൊവ്വയുടെ ക്രൗര്യം വര്‍ദ്ധിക്കും. ദോഷഫലങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടാവും.
ജനിച്ച കൂറിന്റെ 3, 6, 11 എന്നീ രാശികളില്‍ സഞ്ചരിക്കുമ്പോള്‍ ഗുണാധിക്യം പ്രതീക്ഷിക്കാം. മറ്റുള്ള ആറ് ഭാവങ്ങളില്‍ ശുഭാശുഭഫലങ്ങള്‍ സമ്മിശ്രമായി ചൊവ്വ നല്‍കുന്നു.
മേടക്കൂറിന് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
ഏതു പാപഗ്രഹവും മൂന്ന്, ആറ്, പതിനൊന്ന് എന്നീ ഭാവങ്ങളില്‍ ശക്തരാണെന്നും ഗുണാനുഭവങ്ങള്‍ നല്‍കുമെന്നും ജ്യോതിഷ നിയമങ്ങള്‍ ഉറപ്പിക്കുന്നു. പാപഗ്രഹമായ ചൊവ്വ മേടക്കൂറുകാരുടെ മൂന്നാമെടമായ മിഥുനം രാശിയില്‍ സഞ്ചരിക്കുന്നത് ശോഭന ഫലങ്ങള്‍ക്ക് കാരണമാകും. മേടക്കൂറിന്റെ അധിപന്‍ കൂടിയാകയാല്‍ ചൊവ്വയുടെ അനുകൂലത ഇരട്ടി നേട്ടങ്ങള്‍ സൃഷ്ടിക്കുന്നതാണ്. കര്‍മ്മമേഖലയില്‍ ഉയര്‍ച്ചയുണ്ടാവും. ജീവിതത്തിന് ദിശാബോധം കൈവരും. നേതൃപദവി ശ്രമിക്കാതെ തന്നെ ലബ്ധമാകുന്നതാണ്. അടുക്കും ചിട്ടയും പ്രവൃത്തികളില്‍ പ്രതിഫലിക്കും. ശത്രുപക്ഷത്തിനു നേരെ ഉരുക്കുകവചം തീര്‍ക്കുന്നതാണ്. സാമ്പത്തിക ഉന്നമനം ഉണ്ടാവും. വസ്തുവാങ്ങുന്നതിന് ശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യം ഭവിക്കും. സഹോദരാല്‍ തനിക്കും, തന്നാല്‍ സഹോദരര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാവും. അമിതമായ ആത്മവിശ്വാസം ദോഷകരമായേക്കും.
ഇടവക്കൂറിന് (കാര്‍ത്തിക 2,3,4 പാദങ്ങള്‍, രോഹിണി, മകയിരം 1,2 പാദങ്ങള്‍)
കുജന്‍ അഥവാ ചൊവ്വ ഇടവക്കൂറിന്റെ രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുകയാണ്.വാക്ക്, വിദ്യ, കുടുംബം, ധനം തുടങ്ങിയവ രണ്ടാമെടം കൊണ്ട് കണക്കാക്കപ്പെടുന്നു. വാക്കുകള്‍ പരുഷങ്ങളാവാന്‍ സാധ്യതയുണ്ട്. തന്മൂലം ശത്രുക്കള്‍ പെരുകാം. വാഗ്ദാനലംഘനങ്ങള്‍ നഷ്ടങ്ങളും മനക്ലേശവും വരുത്തിയേക്കും. കുടുംബത്തില്‍ സുഖവും സമാധാനവും കുറഞ്ഞും കൂടിയുമിരിക്കും. ആഭരണങ്ങള്‍ കളവ് പോകാനോ കളഞ്ഞ് പോകാനോ സാധ്യതയുണ്ട്. കുട്ടികളുടെ പഠനത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ട സന്ദര്‍ഭമാണ്. കടം വാങ്ങി ചെലവ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. കാര്യസാധ്യത്തിനായി അലച്ചിലുണ്ടാവാന്‍ സാധ്യത കാണുന്നു. തൊഴില്‍ രംഗത്തെ പുരോഗതി സാമാന്യമാവും. അനാവശ്യമായ തിടുക്കം ഒഴിവാക്കുക കരണീയം. ദൈവിക കാര്യങ്ങള്‍ക്ക് മുടക്കം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1,2,3 പാദങ്ങള്‍)
ജന്മരാശിയിലാണ് ചൊവ്വയുടെ സഞ്ചാരം. ഫെബ്രുവരി അവസാനം വരെ വക്രഗതിയിലും തുടര്‍ന്ന് ഏപ്രില്‍ മൂന്നുവരെ നേര്‍ഗതിയിലും ചൊവ്വ തുടരുന്നു. ജനിച്ച കൂറില്‍ ചൊവ്വ സഞ്ചരിക്കുന്നത് അനുകൂല ഫലങ്ങള്‍ സൃഷ്ടിച്ചേക്കില്ല. തീരുമാനിച്ച കാര്യങ്ങള്‍ നീട്ടിവെക്കേണ്ടിവരും. ലഘുത്വം കൊണ്ട് നേടേണ്ടവ ക്ലേശിച്ച് കൈവരിക്കേണ്ട സ്ഥിതി വരാം. സ്വാശ്രയ ബിസിനസ്സുകളില്‍ അധികം മുതല്‍ മുടക്കിന് ഇക്കാലം ഉചിതമാവില്ല. ആരോഗ്യപരമായി അനാസ്ഥയരുത്. ക്രയവിക്രയങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം. പ്രത്യേകിച്ചും ഭൂമി വ്യാപാരത്തില്‍. വാഹനം, അഗ്‌നി, ആയുധം, യന്ത്രം ഇവ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും ജാഗ്രത ആവശ്യമാണ്. സാഹസകര്‍മ്മങ്ങള്‍ ഒഴിവാക്കുക ഉചിത്രം. നവസംരംഭങ്ങളില്‍ നിന്നും പ്രതീക്ഷിച്ചത്ര പുരോഗതി വന്നേക്കില്ല. കഴിവിനനുസരിച്ചുള്ള സ്ഥാനക്കയറ്റം, ശമ്പള വര്‍ദ്ധന എന്നിവ വൈകിയേക്കാം. ഈശ്വരസമര്‍പ്പണങ്ങള്‍ മുടങ്ങാതിരിക്കാന്‍ കരുതല്‍ വേണം.
കര്‍ക്കടകക്കൂറിന് (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ജനിച്ച കൂറിന്റെ പന്ത്രണ്ടാം ഭാവത്തില്‍ ചൊവ്വ സഞ്ചരിക്കുന്നതിനാല്‍ താരതമ്യേന പ്രതികൂല ഫലങ്ങള്‍ വന്നേക്കാം. ദൂരദിക്കിലേക്ക് സ്ഥിരമായോ താത്കാലികമായോ, വ്യക്തിപരമായോ തൊഴില്‍പരമായോ മാറേണ്ടി വരുന്നതാണ്. വരവ് കുറയില്ലെങ്കിലും ചെലവ് കൂടുന്നതായിരിക്കും. സൗഹൃദം കൊണ്ട് ഗുണത്തോടൊപ്പം ദോഷവും ഭവിക്കാം. ബന്ധുക്കളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പേര് ചീത്തയാവാന്‍ ഇടയുണ്ട്. സ്വന്തമായി ചെയ്തുപോരുന്ന തൊഴിലില്‍ സമ്മര്‍ദ്ദം ഉയര്‍ന്നേക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് ശത്രുക്കളേറും. രോഗക്ലേശങ്ങള്‍ അലട്ടാം. ഭൂമി വ്യാപാരത്തില്‍ അബദ്ധം പിണയും. വീഴ്ച, ചതവ്, ഒടിവ് ഇവ സാധ്യതയാകയാല്‍ കരുതല്‍ വേണ്ടതുണ്ട്. രഹസ്യ ശത്രുക്കള്‍ മൂലം ക്ലേശങ്ങള്‍ ഭവിച്ചേക്കാം. വിദേശത്ത് ജോലി തേടിപ്പോയവര്‍ക്ക് നല്ല അവസരങ്ങള്‍ക്കായി കാത്തിരിപ്പ് തുടരേണ്ടി വരുന്നതായിരിക്കും
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചൊവ്വ ജന്മരാശിയുടെ പതിനൊന്നാമെട ത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ഗുണകരമായ കാലമാണ്. ന്യായമായ ആഗ്രഹങ്ങള്‍ നേടിയെടുക്കും. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കുവാനാവും. തൊഴിലന്വേഷണം സഫലമാവുന്നതാണ്. വ്യവഹാരങ്ങളില്‍ അനുകൂല വിധി വരാന്‍ സാധ്യത കാണുന്നു. വസ്തുവ്യാപാരം ലാഭമുണ്ടാക്കുന്നതാണ്. സ്വന്തമായി ചെയ്തുപോരുന്ന തൊഴിലില്‍ കൂടുതല്‍ ഉന്മേഷത്തോടെ പ്രവര്‍ത്തിക്കും. രാഷ്ട്രീയത്തില്‍ യശസ്സുണ്ടാവും. രോഗഗ്രസ്തര്‍ക്കും ശയ്യാവലംബികള്‍ക്കും ആശ്വാസം വന്നെത്തുന്നതാണ്. കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ അനുരഞ്ജനത്തിലെത്തിയേക്കാം. സഹോദരരില്‍ നിന്നും സര്‍വ്വാത്മനായുള്ള സഹകരണം ഭവിക്കും. സംഘടനകളില്‍ നേതൃപദവി മത്സരം വിനാ കൈവരുന്നതാണ്. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ നിസ്‌തേജമാക്കും. സാമ്പത്തികമായും ഉന്നമനം ഉണ്ടാവുന്ന കാലമാണ്.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങള്‍, അത്തം, ചിത്തിര 1,2 പാദങ്ങള്‍)
ജന്മരാശിയുടെ പത്താം ഭാവത്തില്‍ ചൊവ്വ സഞ്ചരിക്കുന്നത് കര്‍മ്മരംഗത്ത് മൗഢ്യവും പ്രയാസങ്ങളും സൃഷ്ടിക്കാം. ദേഹാധ്വാനം കൂടുന്നതാണ്. എന്നാല്‍ പ്രയത്‌നത്തിന് തക്ക പ്രതിഫലം ഉണ്ടാവുകയുമില്ല. ബന്ധുകലഹങ്ങളില്‍ മാധ്യസ്ഥത്തിന് മുതിരുന്നത് ദോഷമുണ്ടാക്കിയേക്കും. മേലധികാരികളുടെ അനിഷ്ടത്തിന് പാത്രമാവുന്നതാണ്. പുതുസംരംഭങ്ങള്‍ തുടങ്ങുവാന്‍ സര്‍ക്കാരില്‍ നിന്നും മറ്റും തടസ്സങ്ങള്‍ അനുഭവപ്പെടും. അലച്ചിലും വഴിനടത്തയുമേറും. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്. പാരമ്പര്യസ്വത്തുക്കളുടെ നിയമവശം, രേഖകള്‍ എന്നിവ പരിശോധിച്ച് കൈവശം സൂക്ഷിക്കുന്നത് ഉചിതമാവും. സഹായവാഗ്ദാനങ്ങള്‍ പ്രയോജനപ്പെടണമെന്നില്ല. കടം വാങ്ങുന്ന സാഹചര്യം വരാം. വായ്പകളുടെ തിരിച്ചടവിന് സമ്മര്‍ദ്ദമുണ്ടായേക്കും. തിടുക്കത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനാല്‍ അബദ്ധങ്ങള്‍ പറ്റാം.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
ജനിച്ച കൂറിന്റെ ഒമ്പതാമെടത്താണ് ചൊവ്വയുടെ സഞ്ചാരം. ഒമ്പതാമെടം ഭാഗ്യസ്ഥാനമെന്ന് അറിയപ്പെടുന്നു. ഭാഗ്യസ്ഥാനത്ത് പാപഗ്രഹമായ ചൊവ്വ വരികയാല്‍ ഭാഗ്യാനുഭവങ്ങള്‍ ശിഥിലമാവുകയോ കുറയുകയോ ചെയ്യാം. സുഗമത പ്രതീക്ഷിച്ച കാര്യനിര്‍വഹണങ്ങള്‍ ക്ലേശഭൂയിഷ്ഠമാവും. ചെറിയ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ വലിയ പ്രശ്‌നങ്ങളാവാം. രോഗങ്ങള്‍ക്ക് ചികില്‍സ വൈകിക്കരുത്. ഒമ്പതാം ഭാവം ഗുരു, പിതാവ് എന്നിവരേയും സൂചിപ്പിക്കുന്നു. അച്ഛന്റെ ഔദ്യോഗിക രംഗത്ത് ഉയര്‍ച്ച പതുക്കെയാവും. കൃത്യനിര്‍വഹണത്തില്‍ ആലസ്യത്തിനിടയുണ്ട്. സ്വന്തം ബിസിനസ്സില്‍ ലാഭം കുറയുന്നതാണ്. വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കണം. കുടുംബ ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണം ധനക്കമ്മിയാല്‍ നിലച്ചേക്കാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിവിദ്യാഭ്യാസം സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഉദിക്കാം. ദാമ്പത്യത്തില്‍ പിണക്കങ്ങളും പരിഭവങ്ങളും ആവര്‍ത്തിച്ചേക്കും.
വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറിന്റെ അധിപന്‍ കൂടിയാണ് ചൊവ്വ. അഷ്ടമരാശിയില്‍ സഞ്ചരിക്കുന്നത് കാര്യതടസ്സങ്ങള്‍ സൃഷ്ടിക്കാം. തീരുമാനങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈക്കൊള്ളേണ്ട സമയമാണ്. ദുഷ്‌പ്രേരണകള്‍ തിരിച്ചറിയപ്പെടണം. കൂട്ടുകെട്ടുകളില്‍ വിവേകം പുലര്‍ത്തുകയും വേണം. സാമ്പത്തികമായി കബളിപ്പിക്കപ്പെടാനും ഇടയുണ്ട്. ഔദ്യോഗികമായി അധികച്ചുമതലകള്‍ വന്നുചേരുന്നതാണ്. എന്നാല്‍ അവയില്‍ ശോഭിക്കുക എളുപ്പമായേക്കില്ല. ഒപ്പമുള്ളവര്‍ പരസ്യമായി പിന്തുണക്കാം. എന്നാലത് ആത്മാര്‍ത്ഥതയുള്ളത് ആയേക്കില്ല. കുടുംബച്ചുമതലകളില്‍ വീഴ്ച വരാനിടയുണ്ട്. പുതുവാഹനം വാങ്ങാന്‍ അനുഗുണമായ കാലമല്ലെന്നത് ഓര്‍മ്മയിലുണ്ടാവണം. ബിസിനസ്സില്‍ വലിയ തോതില്‍ പണം മുടക്കിയുള്ള വിപുലീകരണം കൈനഷ്ടം വരുത്താം. സാഹസങ്ങള്‍ ഒഴിവാക്കണം. ആരോഗ്യകാര്യത്തില്‍ ജാഗരൂകരാവണം. ഉന്നത വ്യക്തികളുടെ വിരോധം സമ്പാദിക്കാനിടയുണ്ട്.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ഏഴാം ഭാവത്തിലാണ് കുജന്‍ സഞ്ചരിക്കുന്നത്. കൂട്ടുകച്ചവടത്തില്‍ സൈ്വരം കുറയുന്നതാണ്. നിരന്തര യാത്രകള്‍ ഉണ്ടാവും. യാത്രാക്ലേശം സാധ്യതയാണ്.
അന്യനാട്ടില്‍ പോകാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്ക് അവസരം വന്നെത്തിയേക്കും. പ്രണയികള്‍ക്കിടയില്‍ പിണക്കം വരാനിടയുണ്ട്. ദാമ്പത്യത്തിലും സ്ഥിതി വ്യത്യസ്തമാവില്ല. സുഹൃല്‍ ബന്ധങ്ങള്‍ക്ക് രമ്യത കുറയുന്നതായി അനുഭവപ്പെടും. വിവാഹാലോചനകള്‍ അവസാന നിമിഷം വേണ്ടെന്ന് വെക്കപ്പെടാം. വായ്പകള്‍ക്കായുള്ള ശ്രമം തുടരേണ്ടിവരും. വിദേശത്തു കഴിയുന്നവര്‍ക്ക് പ്രതീക്ഷിച്ച പുതുജോലി കിട്ടിയേക്കില്ല. ഭൂമിതര്‍ക്കങ്ങള്‍ക്ക് പരിഹാരം കിട്ടാതെ വിഷമിക്കും. കച്ചവടക്കാര്‍ അല്പലാഭം പ്രതീക്ഷിച്ചാല്‍ മതി. ആവശ്യത്തിലധികം ഉല്പന്നങ്ങള്‍ ശേഖരിക്കുന്നത് ഗുണമാവില്ല. കൈവായ്പകള്‍ വാങ്ങേണ്ടി വരുന്നതാണ്.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങ, തിരുവോണം, അവിട്ടം 1,2 പാദങ്ങള്‍)
ഇഷ്ടഭാവമായ ആറാമെടത്തിലാണ് ചൊവ്വ. അതിനാല്‍ തൊഴിലിടം ശാന്തമാവുന്നതാണ്. മാനസികവ്യഥകള്‍ക്ക് പരിഹാരമുണ്ടാവും. കര്‍മ്മപരമായി മെച്ചം വന്നു ചേരുന്നതാണ്. അര്‍ഹതക്കനുസരിച്ചുള്ള തൊഴില്‍ ലഭിക്കാം. മത്സരങ്ങളില്‍ വിജയിക്കുന്നതാണ്. വ്യാപാരികള്‍ക്ക് കച്ചവടത്തില്‍ വിപുലനം സാധ്യമാവും. ഉപഭോക്താക്കളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാവുന്നതാണ്. വിദ്യാഭ്യാസത്തില്‍ ലക്ഷ്യബോധം വളരും. സമൂഹത്തിന്റെ ബഹുമാനം നേടുന്നതാണ്. കുടുംബ പ്രശ്‌നങ്ങള്‍ക്ക് സമയോചിതമായി പരിഹാരം കാണുവാനാവും. ഇളം തലമുറയേയും മുതിര്‍ന്നവരേയും ഒരുമിച്ചു നിര്‍ത്തും. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ നീങ്ങിയേക്കും. സാമ്പത്തികമായി ഒട്ടൊക്കെ സുസ്ഥിരത ഉണ്ടാവുന്ന കാലമാണ്. രോഗഗ്രസ്തര്‍ക്ക് ചികില്‍സ ഫലിക്കുന്നതായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നതാണ് ഏറ്റവും മുഖ്യം.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങള്‍, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങള്‍)
ആറാം ഭാവത്തില്‍ അനുകൂല നിലയിലായിരുന്നു ചൊവ്വ. ഇപ്പോള്‍ മുതല്‍ അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുന്നത് സമ്മിശ്ര ഫലങ്ങള്‍ സൃഷ്ടിക്കും.
നിര്‍ബന്ധ ശീലം മിത്രങ്ങളുടെ പോലും ശത്രുതയ്ക്ക് കാരണമാകുന്നതാണ്. വിട്ടുവീഴ്ചയ്ക്ക് മുതിരാത്തത് കുടുംബത്തില്‍ പലതരം പ്രശ്‌നങ്ങളുണ്ടാക്കും. തൊഴില്‍ മേഖലയില്‍ അവസരങ്ങള്‍ നഷ്ടപ്പെടാതെ നോക്കണം. ഉദാസീനത പഠിപ്പിനെ ബാധിക്കുന്നതാണ്. ഏല്പിച്ച ദൗത്യങ്ങള്‍ നീട്ടിവെക്കുന്നതിനാല്‍ മേലധികാരികളുടെ അപ്രീതി നേടും. പഞ്ചമഭാവം സന്താനസ്ഥാനമാകയാല്‍ മകന്റെ ശാഠ്യശീലം വിഷമിപ്പിച്ചേക്കും. ധാര്‍മ്മികവും മതപരവുമായ കാര്യങ്ങളില്‍ തടസ്സം വരാനിടയുണ്ട്.
കരുതി വെച്ചിരുന്ന ധനം മറ്റാവശ്യങ്ങള്‍ക്ക് ചെലവഴിക്കും. എന്നാല്‍ ധനകാര്യത്തില്‍ ഉല്‍ക്കണ്ഠയുണ്ടാവില്ല. ഗര്‍ഭിണികളുടെ ആരോഗ്യസ്ഥിതിയില്‍ ജാഗ്രതയുണ്ടാവണം.
മീനക്കൂറിന് (പൂരൂരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി)
ചൊവ്വ കര്‍ക്കടകം രാശിയില്‍ സഞ്ചരിച്ചപ്പോഴെന്നപോലെ, മിഥുനം രാശിയില്‍ സഞ്ചരിക്കുമ്പോഴും ഗുണാനുഭവങ്ങള്‍ കുറയുന്നതാണ്. ആപ്തമിത്രങ്ങളുമായി പിണങ്ങാനിടയുണ്ട്. അകാരണമായ മനക്ലേശമുണ്ടാവും. ദേഹസ്വസ്ഥത ഇടക്കിടെ കുറയാം. അയല്‍ക്കാരുമായി വിരോധിക്കാനുള്ള സാഹചര്യം ഉടലെടുത്തേക്കും. ബന്ധുക്കളുടെ തര്‍ക്കത്തില്‍ ഇടപെടുന്നത് കരുതലോടെ വേണം. സ്വന്തം തീരുമാനങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുകയാണ് എന്ന ആരോപണം കുടുംബത്തില്‍ നിന്നുതന്നെ ഉയരുന്നതാണ്. ധനപരമായി കൃത്യത പുലര്‍ത്താന്‍ ശ്രദ്ധിക്കണം. നാലാമെടം വാഹനങ്ങളെ സൂചിപ്പിക്കുന്നു. വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി വരാം. ഗൃഹനിര്‍മ്മാണത്തില്‍ വിളംബം ഭവിക്കുന്നതാണ്. വൃദ്ധരായ മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തില്‍ അലംഭാവമരുത്. ഏതുകാര്യവും ആലോചനാപൂര്‍വ്വം നടപ്പില്‍ വരുത്തുവാന്‍ കരുതലുണ്ടാവണം.