കൊയിലാണ്ടി. കുറുവങ്ങാട് മണക്കുളങ്ങര അമ്പലത്തിലെ ഉത്സവത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാതെ ഒരു നാട്.ഉത്സവത്തിന്റെ അവസാനദിവസം എഴുന്നള്ളത്തിനെത്തിച്ച രണ്ട് ആനകളാണ് ഇടഞ്ഞത്.അമ്പലത്തിനടുത്ത് താമസിക്കുന്നവർക്ക് തന്നെയാണ് ജീവൻ നഷ്ടമായതും
ആയിരങ്ങള്‍ എത്തുന്ന ഉത്സവം.അമ്പലത്തിലേക്ക് രണ്ടു വരവുകൾ എത്തുന്നതിനു മുന്നോടിയായുള്ള എഴുന്നള്ളത്തിനൊരുങ്ങി നിൽക്കുന്ന ആനകൾ.
ഇതിനിടെ ഉണ്ടായ വെടിക്കെട്ടിൻ്റെ ശബ്ദം കേട്ടാണ് ആനകൾ വിരണ്ടതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനമെങ്കിലും വെടിക്കെട്ടു തുടങ്ങി ഏറെ കഴിഞ്ഞാണ് ആനഇടഞ്ഞത്. കൂട്ടാനയെ ഉപദ്രവിക്കുന്ന പ്രകൃതക്കാരനായ ആന പ്രകോപനപരമായി ആക്രമിച്ചത് അപകടത്തിന് മുമ്പുള്ള വീഡിയോയില്‍ വ്യക്തമാണ്. ആനകളെ മുന്നോട്ടു നടത്തുന്നതിനിടെ പിന്നില്‍ നിന്ന ആന മറികടന്ന് മുന്നോട്ടു നീങ്ങിയപ്പോഴാണ് ആദ്യം നിന്ന ആന ആക്രമിച്ചത്. സ്ഥിരമായി ഇത്തരം സ്വഭാവം കാട്ടുന്ന ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത് എന്തിനെന്ന ചോദ്യം ബാക്കിയാണ്. ഉല്‍സവ കാലമായതിനാല്‍ ആനകള്‍ക്ക്ക്ഷാമമുണ്ട്. ലാഭേഛയോടെ ആനകളുടെ പ്രകൃതം മാനിക്കാതെ എഴുന്നള്ളിപ്പിന് എത്തിക്കുന്ന രീതി മാറേണ്ടതാണെന്ന അഭിപ്രായമുയരുന്നുണ്ട്.
.പരസ്പരം കൊമ്പുകോർത്ത ആനകൾ തിക്കി തകർത്ത കെട്ടിടാവശിഷ്ടങ്ങളിൽപ്പെട്ടാണ് മിക്കവർക്കും പരുക്ക് പറ്റിയത്.
ചെണ്ട കൊട്ടും സന്തോഷവും എല്ലാ നിറഞ്ഞ അമ്പലമുറ്റം വളരെ പെട്ടന്നാണ് കണ്ണീർ കാഴ്ചകൾക്ക് വഴിമാറിയത്.അമ്പലത്തിലേക്കുള്ള വരവുകൾ രണ്ടും വന്നതിന് ശേഷമാണ് ആനകൾ ഇടഞ്ഞതെങ്കിൽ ദുരന്തത്തിൻ്റെ വ്യാപ്തി ഇനിയും കൂടുമായിരുന്നു. ആനകള്‍ പരസ്പരം ആക്രമിക്കുകയും മനുഷ്യരെ ലക്ഷ്യമാക്കാതിരുന്നതുമാണ് രക്ഷയായത്.
അതേസമയം സംഭവത്തിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.വനം റവന്യൂ വകുപ്പുകൾ ആണ് അന്വേഷണം നടത്തിയത്.സമാന്തരമായി പോലീസും അന്വേഷണം നടത്തുന്നുണ്ട്.വെടിമരുന്ന് പൊട്ടിച്ചതിനു പിന്നാലെയാണ് ആനകൾ ഇടഞ്ഞതെന്നാണ് ഇവരുടെ പ്രാഥമിക നിഗമനം. അതേ സമയം മരിച്ച മൂന്നു പേരുടേയും പോസ്റ്റുമോർട്ടം നടപടി രാവിലെ എട്ടുമണിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. 29 പേരാണ് നിലവിൽ ചികിൽസയിലുള്ളത് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ ഹർത്താൽ ആചരിക്കും. ഇന്നലെ വൈകുന്നേരം ആറുമണിയ്ക്കാണ് ഉൽസവത്തിനിടെ ആനകൾ ഇടഞ്ഞത്
നാട്ടാനച്ചട്ടം പാലിക്കുന്നുണ്ടോ എന്ന് കർശനമായി ഉറപ്പുവരുത്താൻ വനം വകുപ്പ് നീക്കമാരംഭിച്ചു. ആന എഴുന്നള്ളത്ത് ഉള്ള സ്ഥലങ്ങളിൽ പരിശോധന കർശനമാക്കും. ആചാരങ്ങളുടെ പേരിൽ നിയമങ്ങളിൽ വിട്ടുവീഴ്ച നൽകേണ്ടെന്ന് നിർദ്ദേശം. വനം വകുപ്പ് കടുപ്പിക്കാൻ ഒരുങ്ങുന്നത് കൊയിലാണ്ടി സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിൽ.