‘വിവാഹേതരബന്ധം ചോദ്യം ചെയ്തു; അന്ന് അച്ഛൻ അമ്മയെ വല്ലാതെ ഉപദ്രവിച്ചു; ഇഷ്ടത്തിനെതിരു നിന്നാൽ അമ്മയുടെ ഗതി വരുമെന്ന് ഭീഷണി’

Advertisement

ആലപ്പുഴ: ‘‘എന്റെ കൺമുന്നിലാണ് അതുണ്ടായത്. അച്ഛന്റെ വഴിവിട്ട ബന്ധങ്ങൾ ചോദ്യം ചെയ്യുമ്പോൾ വഴക്ക് പതിവാണ്. അന്ന് അച്ഛൻ അമ്മയെ ചീത്ത വിളിക്കുകയും വല്ലാതെ ഉപദ്രവിക്കുകയും ചെയ്തു. അതിനിടെ മുടിക്കുത്തിനു പിടിച്ചു തല ഭിത്തിയിൽ ആഞ്ഞിടിച്ചു. അമ്മ കുഴഞ്ഞുവീണു. ഞാൻ തൊട്ടടുത്തു താമസിക്കുന്ന ബന്ധുക്കളെ വിളിക്കാൻ ഓടി. അവരുമൊത്തു തിരികെ വന്നപ്പോൾ ‘ഒന്നുമില്ലെന്ന്’ പറഞ്ഞ് അച്ഛൻ അവരെ പറഞ്ഞുവിട്ടു. ഞാൻ അകത്തേക്കു ചെല്ലുമ്പോൾ അമ്മ അതേപടി കിടക്കുകയാണ്. പക്ഷേ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു’’– ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിൽ നിന്നു മിഷ്മ തികഞ്ഞ മനക്കരുത്തോടെ ആ ദിവസം ഓർമിച്ചെടുക്കുമ്പോൾ അകത്ത് അമ്മ സജിയുടെ പോസ്റ്റ്മോർട്ടം നടക്കുകയായിരുന്നു.

അപകടമരണമെന്നു കരുതിയ സംഭവത്തിൽ, കല്ലറ തുറന്ന് സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിച്ചത് അച്ഛൻ സോണിക്കെതിരെ മിഷ്മ പി.ഉലഹന്നാൻ നൽകിയ പരാതിയായിരുന്നു. ചേർത്തല നഗരസഭ 29–ാം വാർഡ് പണ്ടകശാലപ്പറമ്പിൽ വി.സി.സജിയുടെ (46) മരണത്തിന്റെ നാലാം ദിവസം ഭർത്താവ് പി.വൈ.സോണി (48) ഇതേത്തുടർന്ന് അറസ്റ്റിലായി. ‘‘ഖത്തറിൽ നഴ്സായിരുന്നു അമ്മ. 2 വർഷം മുൻപ് നാട്ടിലെത്തി. അമ്മ നാട്ടിലില്ലാത്ത കാലത്ത് അച്ഛനു വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു. അതു ചോദ്യം ചെയ്തപ്പോഴെല്ലാം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. കുടുംബത്തെയോർത്താണ് അമ്മ എല്ലാം സഹിച്ചത്.’’ മിഷ്മ പറഞ്ഞു.

‘‘സംഭവം നടന്ന ജനുവരി എട്ടിന് മദ്യപിച്ചാണ് അച്ഛൻ വീട്ടിലെത്തിയത്. വിവാഹേതരബന്ധത്തെപ്പറ്റി പറഞ്ഞ് വലിയ വഴക്കായി. അമ്മയെ അച്ഛൻ ഉപദ്രവിച്ചപ്പോൾ ഞാൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു. അവർ തിരികെ വിളിക്കുമ്പോൾ ബന്ധുക്കളെ വിളിച്ചുകൂട്ടി ഞാൻ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന തിരക്കിലായിരുന്നു. അതിനാൽ കോൾ എടുത്തില്ല. അവർ വീണ്ടും വിളിച്ചപ്പോൾ അച്ഛനെ ഭയന്നും അമ്മ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലും ഞാൻ അന്നുണ്ടായ കാര്യം മറച്ചുവച്ചു. അമ്മ ഗോവണിപ്പടിയിൽ നിന്നു വീണെന്നാണു പറഞ്ഞത്.’’ മിഷ്മ ഓർക്കുന്നു. ‘‘അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയുടെ നില മെച്ചപ്പെട്ടെങ്കിലും പിന്നീടു പനിയും ഹൃദ്രോഗബാധയും ഉണ്ടായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയത്. ചികിത്സയിലായിരുന്ന സമയത്തൊന്നും അമ്മ സംസാരിച്ചിരുന്നില്ല. കൂടുതലും അബോധാവസ്ഥയിലായിരുന്നു. ഈ ഒരു മാസവും എല്ലാ കാര്യങ്ങളും നോക്കി അച്ഛൻ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇടയ്ക്ക് ഫോണിൽ അച്ഛന്റെ ശബ്ദസന്ദേശം എനിക്കു കിട്ടി– അച്ഛന്റെ വിവാഹേതരബന്ധത്തെപ്പറ്റി പറഞ്ഞുകൊണ്ട്.

അമ്മ ആശുപത്രി വിട്ടശേഷം അച്ഛനെതിരെ കേസ് കൊടുക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതീക്ഷകളെ തകർത്ത് അമ്മ കഴിഞ്ഞ ഞായറാഴ്ച യാത്രയായി. ‘എന്റെ ഇഷ്ടത്തിന് എതിരു നിന്നാൽ അമ്മയുടെ ഗതി നിനക്കും ഉണ്ടാകു’മെന്നു ചൊവ്വാഴ്ച രാത്രി അച്ഛൻ എന്നെ ഭീഷണിപ്പെടുത്തി. പിറ്റേന്നു തന്നെ ഞാൻ പൊലീസിൽ പരാതി നൽകി’’ – മിഷ്മ പറഞ്ഞു.