‘ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ ബീഫ് കഴിക്കുന്നത്’; ജസ്പ്രീതിനെ ‘എയറി’ലാക്കി മലയാളികൾ

Advertisement

കോട്ടയം: യുട്യൂബ് ഷോയ്ക്കിടെ മലയാളികളെ ഒന്നു ‘ചൊറിഞ്ഞ’ കൊമേഡിയൻ ജസ്പ്രീത് സിങ്ങിന് ‘എയറിൽ’നിന്നു താഴെയിറങ്ങാൻ നേരം കിട്ടിയിട്ടില്ല. അതിനിടെയാണ് ‘കേരള സാർ… 100% ലിറ്ററസി സാർ…’ എന്ന ജസ്പ്രീതിന്റെ പരിഹാസത്തിനു മറുപടി നൽകിയ യുവതിയുടെ വിഡിയോയും വൈറൽ ആയത്. ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന വിവാദ ഷോയിലാണ് ജസ്പ്രീതിന്റെ ഈ പരാമർശം ഉണ്ടായത്.

കേരളത്തെ പരിഹസിക്കുന്ന ജസ്പ്രീതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഷോയ്ക്കിടെ ജഡ്ജിമാരിൽ ഒരാളായ സമയ് റെയ്ന ഒരു മത്സരാർഥിയോട് അവരുടെ രാഷ്ട്രീയ ചായ്‌വിനെക്കുറിച്ചു ചോദിച്ചു. ഇതിനു മറുപടിയായി താൻ രാഷ്ട്രീയം ശ്രദ്ധിക്കാറില്ലെന്നും ഇതുവരെ വോട്ട് ചെയ്തിട്ടില്ലെന്നും ഇവർ പറഞ്ഞു. ഇതോടെയാണ് ജസ്പ്രീത് ‘കേരളാ സാർ…, 100% സാക്ഷരത സാർ…’ എന്ന പരിഹാസം നടത്തിയത്. ഷോയിലെ മറ്റ് ജഡ്ജിമാരായ യുട്യൂബർ രൺവീർ അല്ലാബാദിയ, അപൂർവ മുഖർജി, ആശിഷ് ചഞ്ച്‌ലാനി തുടങ്ങിയവർ ജസ്പ്രീതിന്റെ പരാമർശത്തിനു മുൻപുതന്നെ മത്സരാർഥിയുടെ നിലപാടിനെ ചോദ്യം ചെയ്തിരുന്നു.

ഇതിനു മറുപടിയായി സമൂഹമാധ്യമങ്ങളിൽ മലയാളികൾ പ്രതികരിച്ചിരുന്നു. ഇതിലൊരു വിഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വിഡിയോയിൽ പറയുന്നത് ഇങ്ങനെ:

‘‘ശരിയാണ്, ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ ബീഫ് കഴിക്കുന്നത്.

ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ ചിന്താപൂർവം വോട്ട് ചെയ്യുന്നത്.

ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ കുമ്പളങ്ങി നൈറ്റ്സ് പോലുള്ള മികച്ച ചിത്രങ്ങൾ ഇറക്കുന്നത്.

ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും സൗഹാർദത്തോടെ ജീവിക്കുന്നത്.

ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് കേരള മോഡൽ ഇത്ര പ്രസിദ്ധമായത്.

ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ എല്ലാ ജെൻഡറുകളെയും അംഗീകരിക്കുന്നും അവർക്കുവേണ്ടി വാദിക്കുന്നതും.

ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ ആവശ്യമെങ്കിൽ സർക്കാരിനെ വിമർശിക്കുന്നത്.

ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്നത്. അതു മനസ്സിലാക്കണം.’’

ഇതേ മാതൃകയിൽ മറ്റു വിഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വിഡിയോ കുറിപ്പിനു താഴെയും മലയാളികളുടെ വിമർശനങ്ങൾക്കു നേരെയും മോശം പരാമർശങ്ങളുമായി പലരും എത്തിയിട്ടുണ്ട്.

അല്ലാബാദിയയുടെ ലൈംഗിക പരാമർശം വിവാദമായതിനിടയിൽ മലയാളികളെ പരിഹസിക്കുന്ന വിഡിയോ മുങ്ങിപ്പോകുകയായിരുന്നു. അശ്ലീല പരാമർശത്തിന്റെ പേരിൽ പരിപാടിയുടെ വിഡിയോ യുട്യൂബിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. മലയാളികൾ നടത്തിയ മറുപടി പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.