തിരുവനന്തപുരം:
കൂൺ ഭക്ഷണക്രമത്തിന്റെ ഭാഗമാകുന്നത് ജീവിത ശൈലി രോഗങ്ങളോടൊപ്പം കാൻസർ പോലുള്ള മാരക രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ നമ്മെ സഹായിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ്.
കൂൺ കൃഷി മേഖല വളരെയധികം ആദായകരമാണെന്നതോടൊപ്പം പ്രോട്ടീൻ കലവറയായ കൂൺ ഗ്രാമം പദ്ധതിയിൽ ജില്ലയിലെ ആദ്യത്തെ സംരംഭം വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കാർഷിക മേഖലയിൽ പ്രത്യേകിച്ച് സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ മികച്ച വരുമാന മാർഗമായി സ്വീകരിക്കാവുന്ന മേഖലയായി കണ്ടുകൊണ്ടാണ് കൂണിന്റെ ലഭ്യത സംസ്ഥാനത്തുടനീളം ഉറപ്പാക്കുന്നതിനും കൂണിന്റെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി കൂൺ ഗ്രാമം എന്ന ബൃഹത് പദ്ധതി കൃഷി വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 30 കോടിയിലധികം രൂപ ധനസഹായം നൽകിക്കൊണ്ട് സംസ്ഥാനത്തുടനീളം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു .
100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ 2 വൻകിട കൂൺ ഉൽപ്പാദന യൂണിറ്റും, 1 കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിങ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. അരുന്ധതി എന്ന യുവ വനിതാ കർഷകയാണ് ഫാം വേഗൻ മഷ്റൂം എന്ന പേരിൽ സർക്കാർ സഹായത്തോടെ കൂൺ ഉല്പാദന യൂണിറ്റിന് മണികണ്ഠേശ്വരത്ത് തുടക്കം കുറിച്ചത്.
അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ഉല്പാദന യൂണിറ്റിന്റെ ലോഗോ പ്രകാശനവും തദവസരത്തിൽ മന്ത്രിയും എം.എൽ.എയും ചേർന്ന് നിർവ്വഹിച്ചു.