മലപ്പുറം. കുറ്റിപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിൽ കയ്യാങ്കളി. കുറ്റിപ്പുറം തിരൂർ റൂട്ടിലോടുന്ന നസൽ ബസ്സിലെ ഡ്രൈവറെ മറ്റൊരു ബസ്സിലെ ജീവനക്കാരനാണ് മർദ്ദിച്ചത്. നിയന്ത്രണം വിട്ട ബസ് മറ്റൊരു ബസ്സിൽ ഇടിച്ചു. ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഫെബ്രുവരി 7 വെള്ളിയാഴ്ചയാണ് സംഭവം. രാവിലെ 10 മണി കഴിഞ്ഞ് കുറ്റിപ്പുറം ബസ്റ്റാൻഡിൽ നിന്ന് തിരൂർ കുറ്റിപ്പുറം റൂട്ടിലോടുന്ന നെസൽ ബസ് പുറത്തേക്കെടുത്തു. ഈ സമയം ബസ്സിന്റെ മുൻവശത്തെ വാതിലിലൂടെ അകത്തുകയറിയ മറ്റൊരു ബസ്സിലെ ജീവനക്കാരൻ ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. തല്ലുന്നതും ചവിട്ടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ബസ്സിന്റെ സമയക്രമവുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. കഴിഞ്ഞ കുറച്ചുകാലമായി തന്നെ തിരൂർ കുറ്റിപ്പുറം റൂട്ടിൽ ഓടുന്ന ബസ് ജീവനക്കാർ തമ്മിൽ സമയത്ത് ചൊല്ലി ചീത്തവിളിയും തർക്കവും ഉണ്ട്. ഇതാണ് ഓടിക്കൊണ്ടിരുന്ന ബസ്സിൽ അതിക്രമം കാണിക്കുന്നതിലേക്ക് വരെ എത്തിയത്. മർദ്ദനമേറ്റത്തോടെ ഡ്രൈവർക്ക് നിയന്ത്രണം തെറ്റി നസൽ ബസ് നിർത്തിയിട്ട മറ്റൊരു ബസ്സിനെ ഇടിക്കുകയായിരുന്നു. ഈ സമയത്തെല്ലാം ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നു. കുറ്റിപ്പുറം പോലീസ് കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.