മൂന്നാര്‍. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് കരിങ്കൊടി കാണിച്ച്, മൂന്നാറിലെ ടാക്സി തൊഴിലാളികൾ മേടിച്ചു കൂട്ടിയത് മുട്ടന്‍പണി. മന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് പിഴയിനത്തിൽ ഈടാക്കിയത് ഏഴര ലക്ഷത്തിലധികം രൂപയാണ്. വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ്, വയറ്റത്തടിക്കുന്ന പദ്ധതി എന്നു പറഞ്ഞാണ് മന്ത്രി കെ ബി ഗണേഷ് കുമാറിന് ടാക്സി തൊഴിലാളികൾ കരിങ്കോടി കാണിച്ചത്. എന്നാൽ പദ്ധതി ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്ക് ആ പ്രതിഷേധം അത്രകണ്ട് പിടിച്ചില്ല. മൂന്നാറിലെ ടാക്സി വാഹനങ്ങൾ എല്ലാം പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്ഘാടന വേദിയിൽ മന്ത്രിയുടെ നിർദേശം. പിന്നാലെ ഇടുക്കി ആർടിഒയും, എൻഫോഴ്സ്മെന്റ് ആർടിഒ ചേർന്ന് പരിശോധന നടത്തി. ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയില്ലാത്ത വാഹനങ്ങൾക്കതിരേ കേസെടുത്ത് പിഴ ചുമത്തി.
മീറ്റർ ഇല്ലാതെയും രൂപമാറ്റം വരുത്തിയും ഓടിയ ഓട്ടോകൾക്കും പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ വാഹനങ്ങൾക്കും പിഴയുണ്ട്. മൂന്ന് ദിവസത്തെ പരിശോധനയിൽ 305 കേസ് രജിസ്റ്റർ ചെയ്തു. 765000 രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും, റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി