തിരുവനന്തപുരം. ലോകം അംഗീകരിക്കുന്ന നയതന്ത്ര വിദഗ്ദ്ധനും വന്ദ്യവയോധികനുമായ ടി പി ശ്രീനിവാസനെ കരണത്തടിച്ച് വീഴ്ത്തിയ പ്രവർത്തകരുടെ നടപടിയിൽ അപാകതയില്ലെന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതല്ല കേരള സർവകലാശാല സിന്‍ഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ പരിഹസിച്ചു. ടി പി ശ്രീനിവാസൻ തെറി പറഞ്ഞിട്ടാണ് തല്ലിയതെന്ന വാദം പൊതു സമൂഹത്തെ പരിഹസിക്കുന്നതാണ്. അദ്ദേഹം ആരാണെന്നും എന്താണെന്നും ആർഷോയ്ക്ക് അറിയില്ലെങ്കിലും രാജ്യത്തും പുറത്തും ഉള്ളവർക്ക് നന്നായി അറിവുള്ളതാണ്. അക്ഷരം പഠിപ്പിച്ച അധ്യാപകർക്ക് കുഴിമാടമൊരുക്കിയും കസേര കത്തിച്ചും അരങ്ങു തകർക്കുന്ന ക്രിമിനൽ സംഘങ്ങളുടെ നേതാവായ ആർഷോ നാല് ഡസനോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
പൂക്കോട് വെറ്റിനറി കോളജിൽ സിദ്ധാർത്ഥനെ, ആഹാരമോ ദാഹജലമോ നൽകാതെ ദിവസങ്ങളോളം പട്ടിണിക്കിട്ട് തല്ലിക്കൊന്നതിനോടും കോട്ടയം നഴ്സിംഗ് കോളജിലെ റാഗിംഗിനോടും മറ്റും താരതമ്യം ചെയ്യുമ്പോൾ ടി പി ശ്രീനിവാസന് നേരേ നടന്ന കയ്യേറ്റം നിസാരമാണെന്ന ആർഷോയുടെ വിലയിരുത്തലിൽ തെറ്റ് പറയാനാവില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നയംമാറ്റം മൂലമുണ്ടായ ജാള്യതയിലാണ് എസ് എഫ് ഐ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യവൽക്കരണത്തിന് സർക്കാർ അംഗീകാരം നൽകിയതോടെ എസ് എഫ് ഐ തികച്ചും അപ്രസക്തമായി. എസ് എഫ് ഐ വിദ്യാർത്ഥി സംഘടന ആണെന്നത് ഇപ്പോൾ പേരിൽ മാത്രമാണ്. താലിബാനെ പോലും അതിശയിപ്പിക്കുന്ന പൈശാചിക പ്രവൃത്തികളിലൂടെ സമൂഹത്തിൽ ഭീതി പടർത്തുന്ന എസ് എഫ് ഐയെ പിരിച്ചുവിടുകയോ നിരോധിക്കുകയോ ചെയ്യേണ്ടതാണെന്ന് കേരള സർവകലാശാല സിന്‍ഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ പറഞ്ഞു.