പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ; ആരോപണ വിധേയനായ ക്ലാർക്കിനെ സസ്പെൻഡ് ചെയ്തു

Advertisement

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിയ ഉത്തരവിലാണ് ക്ലർക്ക് ജെ.സനലിനെ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്.

ഓഫീസിൽ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലർക്ക് ജെ സനലുമായി തർക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറ‌ഞ്ഞിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇക്കാര്യം അറിയിക്കാനാണ് താൻ, കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. ക്ലർക്കിനോട് ചോദിച്ചപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല.
ക്ലർക്കുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്റ്റ് റിപ്പോർട്ടിൽ സീൽ വെക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും ക്ലർക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടി വരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. ഇത് ശരിവച്ച് കാട്ടാക്കട എംഎൽഎ ജി സ്റ്റീഫനും രംഗത്ത് വന്നു. റെക്കോർഡ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയും സ്കൂളിലെ ക്ലർക്കും തമ്മിൽ സംസാരം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് രക്ഷിതാവിനെ സ്കൂളിലേക്ക് വിളിപ്പിച്ചത് കുട്ടിക്ക് വിഷമമായെന്ന് കരുതുന്നു.

Advertisement