കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാർ അറസ്റ്റില്‍. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്.
ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70000 രൂപ ആവശ്യപ്പെട്ടതായി 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് പാർട്ടി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ഭിന്ന ലിംഗക്കാരുടെ ഫോട്ടോ പരാതിക്കാരിയെ കാണിച്ചു. ഇവർ ആളെ തിരിച്ചറിഞ്ഞു.
തുടർന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടില്‍ എത്തിയെങ്കിലും അവർ കുട്ടിയുമായി കടന്നിരുന്നു. രാത്രി 10 മണിക്ക് കൊരട്ടി ഭാഗത്ത് വച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു. കുട്ടിയെ തൃശൂരില്‍നിന്നും ആസാമിലേക്ക് കൊണ്ടു പോകുവാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത് എന്നാണ് പോലീസ് പറയുന്നത്.