പാതി വില തട്ടിപ്പിൽ പാലക്കാട്ട് ബി ജെ പി ബന്ധമുള്ളവരെന്ന് സന്ദീപ് വാര്യർ, പണം നഷ്ടപ്പെട്ടവർ മാർച്ച് നടത്തി

Advertisement

തിരുവനന്തപുരം: പാതിവില തട്ടിപ്പില്‍ പാലക്കാട്ട് സംഘപരിവാറിനും ബന്ധം. ബി.ജെ.പി സംഘപരിവാർ ബന്ധമുള്ള മുണ്ടൂരിലെ നാഷണല്‍ യുവ കോപ്പറേറ്റീവ് സൊസൈറ്റിയാണ് തട്ടിപ്പിന് വേണ്ടിയുള്ള ധനസമാഹരണം നടത്തിയത്.
പകുതി വിലയ്ക്ക് സ്‌കൂട്ടർ നല്‍കാമെന്ന് കാണിച്ചാണ് 200ലധികം സ്ത്രീകളുടെ പക്കല്‍ നിന്നും സൊസൈറ്റി പണപ്പിരിവ് നടത്തിയത്. പണം നല്‍കാനെത്തിയവരില്‍ ചിലർക്ക് ഇതേ സൊസൈറ്റിയുടെ അംഗത്വമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ അംഗത്വമെടുക്കാൻ ചിലരില്‍ നിന്നും 5000ത്തില്‍പ്പരം രൂപയും ഇതിന് പുറമേ സൊസൈറ്റിയും പിരിച്ചെടുത്തിട്ടുണ്ട്.

തട്ടിപ്പ് പുറത്ത് വന്നതോടെ പിരിവ് നടത്തിയ നാഷണല്‍ യുവ കോപ്പറേറ്റീവ് സൊസൈറ്റി അധികൃതർ കൈമലർത്തുകയാണ്. തങ്ങളല്ല മറിച്ച്‌ സീഡ് സൊസൈറ്റിയാണ് ഇത്തരമൊരു പദ്ധതി മുന്നോട്ട് വെച്ചതെന്നും പണം പിരിച്ച്‌ അവരുടെ അക്കൗണ്ടില്‍ നല്‍കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് അവരുടെ വാദം.

എന്നാല്‍ ഇതംഗീകരിക്കാൻ പണം നല്‍കിയവർ തയ്യാറായില്ല. സൊസൈറ്റിയുടെ മുണ്ടുരുള്ള ഓഫീസിലേക്ക് പണം നല്‍കിയവർ ഇന്ന് പ്രതിഷേധമാർച്ച്‌ സംഘടിപ്പിച്ചു.

മാർച്ച്‌ സൊസൈറ്റി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടർന്ന് പണം നല്‍കിയവരില്‍ ചിലർ സൊസൈറ്റി അധികൃതരോട് സംസാരിച്ചുവെങ്കിലും അതിന്റെ ഉത്തരവാദിത്വമേല്‍ക്കാനാവില്ലെന്ന നിലപാടാണ് സൊസൈറ്റി അധികൃതർ പങ്ക് വെച്ചത്.

മാർച്ചില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരാണ്. വിഷയത്തില്‍ ഇതുവരെ പണം തിരികെ നല്‍കുന്ന കാര്യങ്ങളൊന്നും തീരുമാനമായിട്ടില്ല.

പാതിവിലയില്‍ പെട്ട് പാലക്കാട് കുടുങ്ങിയത് ബിജെപി – സംഘപരിവാര്‍ അനുകൂലികൾ ആണെന്നും പണം പിരിച്ചത് സംഘപരിവാര്‍ ബന്ധമുള്ള നാഷണല്‍ യുവ കോ
പ്പറേറ്റീവ് സൊസൈറ്റിയാണെന്നും സൊസൈറ്റിയുടെ തലപ്പത്ത് ബിജെപി നേതാവ് സി. കൃഷ്ണകുമാറാണെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു.

Advertisement